സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍, സ്വിഫ്റ്റിന് നല്‍കിയതാണ് വാടകക്കുരുക്കായി തിരിച്ചടിക്കുന്നത്. കെ-സ്വിഫ്റ്റിന് വലിയ വാടക കൊടുക്കേണ്ടിവരുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നത്. ഒരു ഇലക്ട്രിക് ബസ് ഒരു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ 25 രൂപയില്‍ താഴെയാണ് വരുമാനം. ഇതേ ദൂരം ബസ്സ് ഓടിക്കാൻ വാടകയിനത്തിൽ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക്, കെ.എസ്.ആര്‍.ടി.സി. 43 രൂപ നല്‍കണം. നൂറുശതമാനം സൗജന്യമായി കിട്ടിയ 60 ബസുകള്‍ കിലോമീറ്ററിന് 43 രൂപ നിരക്കില്‍ സ്വിഫ്റ്റ്, കെ.എസ്.ആര്‍.ടി.സി.ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണിപ്പോള്‍. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ നല്‍കുന്നത് സ്വിഫ്റ്റാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ വൈദ്യുതി ഉപയോഗിച്ചാണ് ബസ് ചാര്‍ജ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 60 ബസുകളാണ് തിരുവനന്തപുരത്ത് അനുവദിച്ചിട്ടുള്ളത്. ഒരു ബസ് ശരാശരി 170 കിലോമീറ്റര്‍ ഒരുദിവസം ഓടിക്കും. ഒരുദിവസം 10,000 കിലോമീറ്റര്‍ ബസ് ഓടിക്കുന്നതിന് 4.30 ലക്ഷം രൂപയാണ് വാടക.
60 ബസുകളില്‍നിന്ന് ഒരുദിവസം കെ.എസ്.ആര്‍.ടി.സി.ക്ക് ശരാശരി 2.40 ലക്ഷം രൂപ വരുമാനം കിട്ടുമ്പോള്‍ വാടകച്ചെലവ് മാത്രം 4.30 ലക്ഷം വരും. ഇതിനുപുറമേ, ബസുകള്‍ ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന വൈദ്യുതി ബില്ലും അധിക ബാധ്യതയാണ്. പത്തുലക്ഷത്തോളം രൂപയാണ് ഒരുമാസത്തെ വൈദ്യുതി ബില്ല്. ഇ-ബസുകളില്‍ സേവനം ചെയ്യുന്ന സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ജീവനക്കാരുടെ വേതനംകൂടി കണക്കാക്കിയാല്‍ സൗജന്യ ബസുകള്‍ ഒരുദിവസം രണ്ടരലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുത്തുന്നത്.
വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന
