ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമിച്ച ‘നാവിക്’ ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു.
ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ വരെ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ‘നാവിക്’ ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെൽട്രോണാണ് നിർമിച്ചത്. നിലവിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന മറ്റുപാധികളായ മൊബൈൽ ഫോൺ, റേഡിയോ, വി.എച്ച്.എഫ് എന്നിവയൊന്നും ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്രദമല്ല.
‘നാവികി’ന്റെ പ്രവർത്തനങ്ങളും സാറ്റലൈറ്റ് വഴി സന്ദേശങ്ങൾ കൈമാറുന്നത് എങ്ങനെയെന്നും ശിൽപശാലയിൽ മത്സ്യത്തൊഴിലാളികൾക്ക് വിശദീകരിച്ച് നൽകി. നാവിക് മുഖേനയുള്ള സന്ദേശങ്ങൾ ആൻഡ്രോയിഡ് മൊബൈലിലേക്ക് എത്തുന്നതിന് ഉപയോഗിക്കുന്ന വിധവും വിശദീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പ്രായോഗിക പരിശീലനവും നൽകി.
നാവിക് ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് ആപ്ലിക്കേഷൻ കൂടുതൽ മെച്ചപ്പെടുത്തുമെന്നും സാങ്കേതിക വിദഗ്ധർ അറിയിച്ചു. ആശയവിനിമയത്തിന് ‘ടൂ വേ കമ്യൂണിക്കേഷൻ സിസ്റ്റം’ ആയി ഇതിനെ മെച്ചപ്പെടുത്തും.
തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ശിൽപശാലയിൽ ഐ.എസ്.ആർ.ഒയുടെ ദുരന്ത നിവാരണ സേവന വിഭാഗത്തിന്റെ തലവൻ ഡോ. പി.ജി. ദിവാകർ, കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻറ് എൻവയോൺമെൻറ് സെൻറർ ഡയറക്ടർ ഡോ. രഘുനാഥമേനോൻ, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേസപതി, ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് ശാസ്ത്രജ്ഞൻ ഡോ. ആർ. ഹരികുമാർ, മാപ്പ് മൈ ഇന്ത്യ സി.ഇ.ഒ ഡോ. ശിശിർ വർമ, കെൽട്രോൺ സാങ്കേതിക വിദഗ്ധൻ ജി. രാജേഷ് എന്നിവർ സംബന്ധിച്ചു.