കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ കൂടി നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും. ഇക്കാര്യം നാളെ നടക്കുന്ന സർവ കക്ഷി യോഗത്തിൽ ഉന്നയിക്കും. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും
സാധാരണ ഗതിയിൽ നവംബർ മാസത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ടെങ്കിലും അസാധാരണ സാഹചര്യം മുൻ നിർത്തി നിയമ ഭേദഗതിയ്ക്ക് ഇരു മുന്നണികളും ഒന്നിച്ച് തീരുമാനമെടുക്കാനാണ് തീരുമാനം. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം.
ബി ജെ പി യുടെ നിലപാട് എന്താണെന്നത് വ്യക്തമായിട്ടില്ല. നേരത്തെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ മുന്നണികളോട് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് മാറ്റിയാൽ ഉപതിരെഞ്ഞെടുപ്പ് മാറ്റുന്നതിൽ സഹകരിക്കാം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്
വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ഇതിനോടകം നൽകിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കെ ചവറയിലെയും കുട്ടനാട്ടിലെയും ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഇരുമുന്നണികളും ഉയർത്തികാട്ടിയിരുന്നു. ഇതിനു പുറമേയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം കൂടി പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.