കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തീകരിച്ച അരീക്കാട് മാത്ര പാലാഴി റോഡ്, ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ ഒന്നാം ഘട്ടം, കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡ് എന്നിവയുടേയും പ്രവൃത്തി ആരംഭിക്കുന്ന ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ രണ്ടാം ഘട്ടം, പരിയങ്ങാട് കൊണാറമ്പ് പെരുവയല്‍ പള്ളിത്താഴം റോഡ്, പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് എന്നുവയുടേയും ഉദ്ഘാടനം ജൂലൈ 12 വെള്ളിയാഴ്ച വെകുന്നേരം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ ബന്ധിപ്പിക്കുന്ന മാത്ര അരീക്കാട് പാലാഴി കോവൂര്‍ റോഡിന്‍റെ പ്രവൃത്തി 10 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. ഒടുമ്പ്ര കാവില്‍താഴം റോഡില്‍ 1 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ബാക്കി ഭാഗങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിക്കുകയാണ്
കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ഏറ്റവും കൂടുതല്‍ മിനി ബസുകള്‍ ഓടുന്ന ഈ റൂട്ടുകള്‍ പരിഷ്കരിച്ചതോടെ ഫറൂഖ് രാമനാട്ടുകര ഭാഗങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജിലെത്തുന്നതിന് ഇത് ഏറെ സൗകര്യപ്രദമായിരിക്കയാണ്. രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഈ റോഡുകള്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രധാന ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. പൂര്‍ത്തീകരിച്ച റോഡുകളുടെയും ഒടുമ്പ്ര കാവില്‍താഴം റോഡിന്‍റെ രണ്ടാംഘട്ട പ്രവൃത്തിയുടേയും ഉദ്ഘാടനം ഒളവണ്ണ ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയിലാണ് മന്ത്രി നിര്‍വ്വഹിക്കുന്നത്. എം.കെ രാഘന്‍ എം.പി, എം.എല്‍.എ മാരായ വി.കെ.സി മമ്മദ് കോയ, ഡോ. എം.കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി തുടങ്ങിയവര്‍ സംബന്ധിക്കും.
7.15 കോടി രൂപ ചെലവില്‍ പരിഷ്കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്‍റെ ഉദ്ഘാടനം കുറ്റിക്കാട്ടൂര്‍ വെച്ചാണ് മന്ത്രി നിര്‍വ്വഹിക്കുന്നത്. എന്‍.എച്ച് 766 നെ മെഡിക്കല്‍ കോളേജ് – മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ഇപ്പോള്‍ പരിഷ്കരണ പ്രവൃത്തി നടന്നുവരുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ് ക്രോസ് ചെയ്തുകൊണ്ടാണ് കടന്നു പോവുന്നത്.
പെരിങ്ങളം ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ ഈ റോഡിന്‍റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ഇതോടെ ജനങ്ങള്‍ അനുഭവിച്ചു വന്നിരുന്ന യാത്രാ ദുരിതത്തിന് പരിഹാരമായിരിക്കുകയാണ്.
പരിയങ്ങാട് കൊണാറമ്പ് പെരുവയല്‍ പള്ളിത്താഴം റോഡിന്‍റെ 3.5 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്കരണ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. മാങ്കാവ് കണ്ണിപറമ്പ് റോഡ്, പെരിങ്ങളം ചെത്തുകടവ് റോഡ്, ചെട്ടികടവ് ആര്‍.ഇ.സി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്. ഇതോടെ വികസന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശങ്ങളിലെ യാത്രാ ദുരിതം പഴങ്കഥയാവുകയാണ്. കുന്ദമംഗലം മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് ഒപ്പമെത്തുന്ന ഈ റോഡ് ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്താണ് പരിഷ്കരിക്കുന്നത്. റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം പെരുവയല്‍ അങ്ങാടിയില്‍ വെച്ചാണ് മന്ത്രി നിര്‍വ്വഹിക്കുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്‍റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്കരണ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും. മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം പാഴൂരില്‍ വെച്ചാണ് മന്ത്രി നിര്‍വ്വഹിക്കുന്നത്.
കുന്ദമംഗലം എന്‍.ഐ.ടി അഗസ്ത്യന്‍മുഴി റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ ഉദ്ഘാടനം ജൂലൈ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് അഗസ്ത്യന്‍മുഴില്‍ വെച്ച് മന്ത്രി നിര്‍വ്വഹിക്കും.