തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ ശക്തമായ നിലപാടുമായി മന്ത്രി കെ. മുരളീധരൻ. കേരളത്തിലെ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രമേ പാടുകയുള്ളൂവെന്നും കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതല്ല സർക്കാരിന്റെ ഔദ്യോഗിക നിലപാടെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ആഗസ്റ്റ് 9 മുതൽ 17 വരെയുള്ള ‘ഹർ ഘർ തിരംഗ’ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടണമെന്നായിരുന്നു സർക്കുലർ. എന്നാൽ ദേശീയതലത്തിൽ കോൺഗ്രസ് ഇതിനെ എതിർക്കുന്നതിനിടെ ഇറങ്ങിയ സർക്കുലറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

