താമരശ്ശേരി: പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ് ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉള്‍പ്പെടെ സംഭവിച്ച കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജന സംഗമം നടത്തുക. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാകലക്ടര്‍ എന്നിവര്‍ സംഘാടക സമിതി അംഗങ്ങളാണ്.പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി, സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ പരിപാടിയില്‍ അവതരിപ്പിക്കും. പണി തീര്‍ന്ന വീടുകളുടെ താക്കോല്‍ ദാനവും വാസയോഗ്യവും അല്ലാത്തതുമായ സ്ഥലത്തിന് പകരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണവും പരിപാടിയോടനുബന്ധിച്ച് നടത്തും. മന്ത്രിമാരെ കൂടാതെ എം.എല്‍.എമാര്‍, പ്രളയം ഏറെ നാശം വിതച്ച മേഖലകളിലെ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വീട് നഷ്ടമായവര്‍, ഗുണഭോക്താക്കള്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും. ജനകീയം ഈ അതിജീവനം എന്ന പേരില്‍ എല്ലാ ജില്ലകളിലുമായി സംസ്ഥാനമൊട്ടാകെ ഇതേ ദിവസം പൊതുജന സംഗമം സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണത്തിനായി കലക്ടറുടെ നേതൃത്വത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ദാസന്‍ എം.എല്‍.എ, മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രതിനിധി സി മുഹമ്മദ്, മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതിനിധി വിനോദ്, ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.