
വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും പ്രഖ്യാപിച്ച കോഴിക്കോട് എയർപോർട്ട് ഉപരോധത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്.പൊലീസ് നടപടിക്കെതിരെ എസ്ഐഒയും സോളിഡാരിറ്റിയും രംഗത്തുവന്നു. സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്ര അസ്വസ്ഥമാക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
ഒരു കാര്യം ഞങ്ങൾ വ്യക്തമായി പറയാം, പൊലീസ് പരവതാനി വിരിച്ച് സ്വീകരിക്കും എന്ന് കരുതി ഈ പോരാട്ടത്തിലേക്ക് ഇറങ്ങിയവർ അല്ല ഞങ്ങൾ. മോദിയുടെയും അമിത് ഷായുടെയും മൂക്കിന് കീഴിൽ ഡൽഹിയിലും യോഗിയുടെ യുപിയിലും അടക്കം ഇന്ത്യയൊട്ടുക്കും കനത്ത സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘമാണിത്. കേരള പൊലീസിന്റെ വാറോല കൊണ്ട് ഈ സംഘത്തെ തടഞ്ഞുനിർത്താൻ സാധ്യമല്ലെന്നും അബ്ദുൽ വാഹിദ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇണ്ടാസുമായി കാവി പൊലീസെന്നല്ല; ആരു തന്നെ ശ്രമിച്ചാലും ഇന്ന് കാലിക്കറ്റ് എയർപ്പോർട്ടിലേക്കുള്ള പ്രധാന വഴികൾ ഉപരോധിക്കാൻ തന്നെയാണ് നമ്മുടെ തീരുമാനം. ഉപരോധം എന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല; അടിയുറച്ച തീരുമാനമാണ് എന്ന് ആവർത്തിക്കട്ടെ’ -സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.