Trending

അറിയിപ്പുകൾ

പെൺകുട്ടിയുടെ മുടിമുറിച്ച സംഭവത്തിൽ കമ്മീഷൻ കേസെടുത്തു
ഇടുക്കി ജില്ലയിലെ പീരുമേട് എ.വി.റ്റി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ തലമുടി ബലമായി മുറിച്ച് മാറ്റിയ സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ പട്ടികജാതി പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം
കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കായി (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ‘കിലെ-സിവിൽ സർവീസ് അക്കാഡമി’ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസ്സുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തൊഴിലാളി ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 20 ന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:kile.kerala.gov.in.

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി
സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വൈവിധ്യവത്ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ഓരോ സ്ഥാപനത്തിന്റേയും വിപുലമായ മാസ്റ്റർപ്‌ളാൻ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.എൽ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശികയായ 14 കോടി രൂപയും സർക്കാർ നൽകും. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ രാജ്യത്തിന് മാതൃകയാകും വിധം ഉയർത്തിക്കൊണ്ടുവരാണ് സർക്കാർ ശ്രദ്ധിക്കുന്നത്.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇ. എം. എൽ 2010ലാണ് ബി. എച്ച്. ഇ. എലിന് കൈമാറുന്നത്. 55 ശതമാനം ഓഹരി ബി എച്ച് ഇ എലിനും ബാക്കി സംസ്ഥാന സർക്കാരിനുമായിരുന്നു. കൂടുതൽ വൈവിധ്യവത്ക്കരം ലക്ഷ്യമിട്ടാണ് ഇത്തരമൊരു കൈമാറ്റം നടന്നത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഇ. എം. എലിന് ലഭിച്ചില്ല. തുടർന്നാണ് സ്വകാര്യവത്ക്കരണ നീക്കം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരണമെന്ന നയമാണ് രാജ്യം അംഗീകരിച്ചിരുന്നത്. ആഗോളവത്ക്കരണ നയം അംഗീകരിച്ചതോടെ ആ സമീപനത്തിൽ മാറ്റമുണ്ടാവുകയും സ്വകാര്യവത്ക്കരണത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ചില സ്ഥാപനങ്ങൾ ഈ നയത്തിന്റെ ഭാഗമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അവ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരിന് വിട്ടു നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന നില സ്വീകരിച്ചു. പാലക്കാട് ഇൻസ്ട്രമെന്റേഷൻ ഫാക്ടറി സ്വകാര്യവത്ക്കരിക്കാൻ ശ്രമം ഉണ്ടായപ്പോൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. പ്രസിദ്ധമായ എച്ച്. എൻ. എൽ മറ്റൊരു രീതിയിൽ ഏറ്റെടുക്കുന്ന നിലയാണ് അവലംബിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പട്ടികജാതി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തു
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പട്ടികജാതിയിൽപ്പെട്ട 14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻപേരേയും കണ്ടെത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമനിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി (റൂറൽ) ക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

അംഗൻവാടികളിൽ നെയിംബോർഡ്
തിരുവനന്തപുരത്തെ വിവിധ ഐ.സി.ഡി.എസ് പ്രോജക്ടിലെ അംഗൻവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9496278461, 0471 2433090.

ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ്: അഡ്മിഷൻ ടിക്കറ്റ്
ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈ മാസം 19ന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

എൽ.ഡി ടൈപ്പിസ്റ്റ് പരീക്ഷ മാറ്റി
തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 12ന് നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ – 45/2020) തസ്തികയിലെ ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.

ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപാദന മേഖല സ്ഥാപിക്കും
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നൽകും.
കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉൽപ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കകത്തും വാക്‌സിൻ ഉത്പ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടിരൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും.
സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്‌സിഡി നൽകും. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ്ജ് സബ്‌സിഡിയും നൽകും. ഉത്പ്പാദിപ്പിക്കേണ്ട വാക്‌സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.
ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിൻ ഉത്പ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക പാട്ടത്തിന് നൽകും. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്‌മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.
കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താത്പര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കുകയും പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുകയും ചെയ്യും.
ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്‌സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്.എൽ.എൽ. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്‌സിൻ നയം വികസിപ്പിക്കുന്നതിന്റെ ചുമതല ഏൽപ്പിക്കാനും തീരുമാനിച്ചു.

എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in ലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിൽ കയറി സൈൻ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേഡും നൽകണം.
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.
ഡിജിലോക്കർ സംബന്ധമായ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 0471-155300 (ടോൾ ഫ്രീ) 0471-2335523 (ടോൾഫ്രീ) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!