വെംബ്ലി സ്റ്റേഡിയത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലണ്ട് യൂറോ ഫൈനലിലെത്തി ചരിത്രം കുറിച്ചു. അപ്പോളും നാണക്കേടായി കാണികളുടെ പെരുമാറ്റം. ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച വിവാദ പെനൽറ്റി എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പെനൽറ്റി സേവ് ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാർക്ക് ഗോളി കാസ്പർ ഷി മൈക്കലിന്റെ മുഖത്ത് പച്ച നിറമുള്ള ലേസർ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാരി കെയ്ൻ എടുത്ത പെനൽറ്റി ഷി മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടായി വന്ന പന്ത് വലയിലെത്തിച്ച് കെയ്ൻ ഇംഗ്ലീഷുകാർക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ഇംഗ്ലീഷ് ആരാധകർ മുമ്പും മോശം പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധി കേട്ടവരാണ്. ഹൂളിഗൻസ് എന്ന് പേരുള്ള ആരാധകക്കൂട്ടം ഗാലറിയിൽ വംശീയാധിക്ഷേപങ്ങളും കൈയ്യാങ്കളിയും നടത്താറുണ്ട്. കഴിഞ്ഞ യൂറോകപ്പിനിടെ റഷ്യൻ ഹൂളിഗൻസും ഇംഗ്ലീഷ് ഹൂളിഗൻസും തമ്മിൽ പൊരിഞ്ഞ തല്ല് നടന്നിരുന്നു.
പെനൽറ്റിയിലേക്ക് നയിച്ച റഹിം സ്റ്റെർലിങ്ങിന്റെ മുന്നേറ്റ സമയത്ത് ഗ്രൗണ്ടിൽ മറ്റൊരു പന്ത് അനാഥമായിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടും തീർന്നില്ല. ഡെന്മാർക്കിന്റെ ദേശീയ ഗാനം മുഴങ്ങുേമ്പാൾ ഒരു വിഭാഗം കാണികൾ അപമര്യാദയായി പെരുമാറിയതായും ആരോപണണമുണ്ട്. കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

