സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 20 ലക്ഷവും കുടുംബശ്രീ നൽകിയ 25 ലക്ഷം രൂപയും ചിലവഴിച്ചാണ് ബഡ്സ് സ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കിയിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 16 കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്. ബഡ്സ് സ്കൂളിലെ സുഗമമായ പ്രവർത്തനത്തിനായി കുട്ടികളെ രാവിലെ സ്കൂളിലെത്തിക്കാനും വൈകീട്ട് തിരികെ വീട്ടിലെത്തിക്കാനും വാഹനസൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ, ആയ, പാചകക്കാരി എന്നിവരെയും നിയമിച്ചു. വികസന മാനേജ്‌മെന്റ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തിലെ കുട്ടികൾക്കും പ്രവേശനം നൽകും. ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. അസിസ്റ്റൻറ് എൻജിനീയർ രഞ്ജു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അച്ചുതൻ മാസ്റ്റർ, മെമ്പർമാരായ ടി വി സുധാകരൻ, സൗദ കെ കെ, ഷൈമ കെ കെ, സി കെ ബാലകൃഷ്ണൻ മാസ്റ്റർ, പി കുമാരൻ, കൃഷ്ണദാസ്, പി വി സമീറ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട സ്വാഗതവും ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ എം എം രേഷ്മ നന്ദിയും പറഞ്ഞു.