മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാകളക്ടര്‍ പുറത്തിറക്കി. വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഒരാഴ്ചക്കകം മുറിച്ചുമാറ്റണം. എല്ലാ വകുപ്പുകളുടെയും ജില്ലാ മേധാവികള്‍ക്കാണ് ഇതിന് ചുമതല.
ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റെയിഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ആയിരിക്കും സമിതിയുടെ കണ്‍വീനര്‍. അപകടകരമായ രീതിയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള അപേക്ഷ വകുപ്പ് മേധാവികള്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കണം. അപേക്ഷകളില്‍ പരമാവധി രണ്ട് പ്രവൃത്തിദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെ അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഉണ്ടാവുന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കണ്‍വീനര്‍ക്കായിരിക്കും.
സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ പൊതുജനങ്ങള്‍ക്കും ഉത്തരവുപ്രകാരം നിര്‍ദ്ദേശം നല്കി്. ഇത്തരത്തിലുള്ള മരങ്ങള്‍ വീണ് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കുമായിരിക്കും.
പരസ്യ ബോര്‍ഡുകളും താല്‍കാലിക കെട്ടിട നിര്‍മ്മാണ വസ്തുക്കളും അപകടം സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ക്ഷമത ഉറപ്പുവരുത്താനും പൊതുമരാമത്തു വകുപ്പിന് നര്‍ദ്ദേശമുണ്ട്. അഗ്നിസുരക്ഷാ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാത്ത കെട്ടിടങ്ങളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നില്ലന്ന് ഉറപ്പുവരുത്തണം. ദുരന്തനിവാരണ നിയമ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു