കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൂരാച്ചുണ്ട് അമ്പലകുന്ന് ആദിവാസി കോളനി, കക്കയം മുപ്പതാം മൈൽ കോളനി, ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ പഠനോപകരണ വിതരണവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മികവ് കരസ്ഥമാക്കിയവർക്ക് അനുമോദനവും നൽകുന്നതിലൂടെ ഫ്രറ്റെണിറ്റി മൂവ്മെൻറ് വലിയ ദൗത്യമാണ് നിർവഹിക്കുന്നതെന്നും, വിദ്യാഭ്യാസപരമായി അവരെ ഉയർത്തികൊണ്ടുവരാൻ അത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷത വഹിച്ചു. ഊരു മൂപ്പൻ ബിജു, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻറ് മുനീബ് എലങ്കമൽ, വെൽഫെയർ പാർട്ടി കൂരാച്ചുണ്ട് പഞ്ചായത്ത് സെക്രട്ടറി യൂസഫ് കൂരാച്ചുണ്ട്, കോളനി നിവാസി ബൈജു, വിദ്യാർത്ഥിനികളായ
കൃഷ്ണ പ്രിയ, ശോഭ, സുനിത എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് നാരായണൻ കല്ലാനോട്
സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മെൻറ് പേരാമ്പ്ര മണ്ഡലം കൺവീനർ മുജാഹിദ് മേപ്പയൂർ നന്ദിയും പറഞ്ഞു.