കോഴിക്കോട് : ഇതര സംസ്ഥാനത്ത് നിന്നും നോർക്ക വഴി കേരളത്തിലെത്താൻ കുന്ദമംഗലം പഞ്ചായത്തിൽ മാത്രം റെജിസ്റ്റർ ചെയ്തത് 262 പേർ. ഇതിൽ 16 പേർ നിലവിൽ അതിർത്തി കടന്നു നാട്ടിലെത്തി. വാളയാർ,മഞ്ചേശ്വരം,മുത്തങ്ങ ചെക്കു പോസ്റ്റ് വഴിയാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധനയ്ക്ക് ശേഷം സർക്കാരിന്റെയും സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിൽ കഴിയാനായി കൊണ്ട് പോകും.
നിലവിൽ റെഡ് സോൺ,ഹോട് സ്പോട് തുടങ്ങിയ അതി രൂക്ഷ പ്രദേശങ്ങളിൽ നിന്നും വരുന്നവരെയും ചെക്ക് പോസ്റ്റുകളിൽ രോഗ ലക്ഷണത്തോടു കൂടി എത്തുന്നവരെയും രോഗ ലക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് ശേഷം കെയർ സെന്ററിലേക്കോ ഐസുലേഷനിലേക്കോ മാറ്റും. സ്വന്തമായി വീടുള്ള ജാഗ്രതയോട് കൂടി കഴിയാൻ പറ്റുന്ന കുടുംബങ്ങളിലെ കുട്ടികൾ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്ക് സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം അല്ലാത്തവർക്കായി സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയാവുന്നതാണ്.
മർകസ് , പ്രീമെട്രിക് ഹോസ്റ്റൽ,ആർ കെ റെസിഡൻസി എന്നിവടങ്ങളിലായി കുന്ദമംഗലത്ത് മൂന്നു കെയർ സെന്ററുകളാണുള്ളത്. ഇവിടങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസു ദേവ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസ്മിജ സക്കീർ, പഞ്ചായത്ത് സെക്രട്ടറി കെ എൻ നവാസ്, പഞ്ചായത്ത് മെമ്പർമാരായ സുധീഷ്, ബാബു മോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിലവിൽ കെയർ സെന്ററിൽ ഒരു തമിഴ് നാട് സ്വദേശി മാത്രമാണുള്ളത്. നോർക്ക വഴി രജിസ്റ്റർ ചെയ്ത ശേഷം ഇയാൾ ഭാര്യയെ കാണാനായി കാറോടിച്ചാണ് നാട്ടിലെത്തിയത്. നിലവിൽ സംസ്ഥാനത്ത് അതിർത്തി കടക്കുന്ന മുഴുവൻ ആളുകളെയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്ന് നാട്ടിലേക്ക് യാത്ര തിരിച്ചുവരും, ലിസ്റ്റിൽ പാസ് ലഭിക്കാത്തവരും, അതിർത്തി കടക്കാൻ അനുമതി ലഭിച്ച് തുടർ നടപടിയ്ക്ക് കാത്തിരിക്കുന്നവരും ഉണ്ട്. മുഴുവൻ ആളുകൾക്കും വരും ദിവസങ്ങളിൽ നാട്ടിലെത്തിക്കാൻ സാധിയ്ക്കുമെന്നാണ് വിവരം