അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ സംഭാഷത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിനാണ് ശബ്ദ പരിശോധനനടത്തിയത്. അതേസമയം, കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയെ സമീപിക്കും.അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനെ നാളെ ഹൈക്കോടതിയെ സമീപിക്കും. എഫ് ഐ ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സർക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹർജിയിൽ തുടർ നടപടികൾ തീരുമാനിക്കൂ.
ഇന്നലെയായിരുന്നു കേസില്‍ ദിലീപിനും മറ്റ് പ്രതികള്‍ക്കും കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവാരത്തിൽ 2017 നവംബർ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുന്നുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുതിയത്.
രാവിലെ 11 മണിയോടെ ദിലീപ്, അനൂപ്, സുരാജ് എന്നിവർ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിൽ എത്തി. സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്ന ശബ്ദ സാമ്പിളുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ.