തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുമായി സീറാം സാംബശിവ റാവു. ഇന്നലെ എക്സെെസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പാണ് കൈക്കൂലി ആരോപണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എക്സൈസ് കമ്മീഷണറേറ്റില്‍ ജെഇസിയായി സേവനമനുഷ്ഠിക്കുന്നതിനിടെ വിനോദ് എന്ന ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഗംഗ എന്ന ബാറിന്റെ നടത്തിപ്പുകാരന് അവരുടെ ലൈസന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ലേസന്‍ വര്‍ക്ക് ചെയ്തുവന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വിനോദ് ആലപ്പുഴ ഡിസിയായിരിക്കുമ്പോള് ഗംഗ ബാര്‍ ഉടമയുമായി ബന്ധം നിലനിര്‍ത്തി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ ജില്ലയില്‍ ഇന്സ്പെക്ഷന് പോകുമ്പോള്‍ 30,000 രൂപ ബാര്‍ ഉടമ നല്‍കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തിനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സാംബശിവറാവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബാറുകളുടെ സമയം ക്രമം, ലൈസന്‍സ് ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച് മൂവാറ്റുപുഴ ഗംഗ ബാറില്‍ നിന്ന് വിനോദ് 50,000 രൂപ വാങ്ങിയതായി വിവരം ലഭിച്ചു. ആലപ്പുഴ ഡി സി അജയിയെ സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ കായംകുളം കുറ്റിച്ചിറയിലുള്ള റോമ സെന്റര്‍ എന്ന ബാറില്‍ ഇന്സ്പെക്ഷന് പോകുമ്പോള്‍ ബാര്‍ ഉടമ രതീഷ് 30,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബാര്‍ ഉടമയെ ബന്ധപ്പെട്ട് ചോദിച്ചാല്‍ ഇതില്‍ രതീഷ് സത്യം പറയില്ല. എക്സൈസ് മന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബാര്‍ ഉടമ രതീഷ് എന്നും റിപ്പോര്‍ട്ടിലുണ്ട്.

