പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനകം സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു. അതിനിടെ, ഡോ പി സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.