
എന്തൊരു ദുരിതമാണിത്… കേരളത്തിലെ മുഴുവൻ ജന മനസ്സുകളും ഇന്ന് നിരവധി തവണ പറഞ്ഞ വാക്കായിരിക്കാമിത്. ദുരന്തങ്ങളുടെ പേമാരി തന്നെയായിരുന്നു ഈ ദിനം. മൂന്നാറിലെ പെട്ടി മുടി മുതൽ കോഴിക്കോട് കരിപ്പൂർ വരെ നീണ്ടു നിൽക്കുന്ന ദുരന്ത വാർത്തകളാണ് ഇന്ന് നമ്മെ തേടിയെത്തിയത്.
ഉണർന്നെഴുന്നേറ്റ് ആദ്യം കേൾക്കുന്ന വാർത്ത തന്നെ മൂന്നാറിലെ പെട്ടി മുടിയിലെ രാജമലയില്‍ പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചില്‍ നിരവധി ആളുകൾ മരണപ്പെട്ടുവെന്നും മറ്റു ചിലർ മണ്ണിനടിയിൽ മരണത്തോട് മല്ലടിക്കുന്നു എന്നതായിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം അവസാനിക്കുമ്പോൾ ഇന്ന് കണ്ടെത്തിയത് 17 മൃതദേഹങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴ പല ജില്ലകളിലും തുടരുകയാണ്. ഇത് ചെറുതായൊന്നുമല്ല സംസ്ഥാനത്തെ ആശങ്കയിൽ ആഴ്ത്തുന്നത്. മൂന്നാറിലെ പെട്ടി മുടിയിലെ ദുരിത വാർത്തയ്ക്കു പിന്നാലെ വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഉരുൾ പൊട്ടിയ വാർത്ത പുറത്തു വന്നു നിരവധി വീടുകൾ കുത്തിയൊലിച്ചു പോയി. നേരത്തെ മുൻ കരുതൽ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ജീവനുകൾ രക്ഷപ്പെട്ടു. സംസ്ഥാനത്തെ പല ജില്ലകളും വെള്ളത്തിനടിയിൽ ആയിക്കൊണ്ടിരിക്കുന്നു.
ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടം. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകട വാർത്തയാണ് സംസ്ഥാനത്തെ തേടിയെത്തുന്നത്. പൈലറ്റടക്കം നിരവധിപേർ മരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. 2020 ഓഗസ്റ്റ് 7 കരിനിഴൽ വീഴ്ത്തിയാണ് മുൻപോട്ട് പോകുന്നത്.

