
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ വിവിധ വിമാനത്താവളങ്ങൾ അടച്ചിടാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.തന്ത്രപ്രധാന മേഖലകളിൽ എല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഏത് സാഹചര്യം നേരിടാൻ ഇന്ത്യൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുകയാണ്.
ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗണ്ഡ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിടാൻ നിർദ്ദേശം നൽകിയത്.രാജ്‌കോട്ട്, ഭുജ്, ജാംനഗർ, ബിക്കാനീർ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ ചിലപ്പോൾ വഴിതിരിച്ചുവിട്ടേക്കാം. സ്‌പൈസ്‌ജെറ്റും മറ്റ് വിമാനക്കമ്പനികളും ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള നിരവധി വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദ്ദേശം നൽകി. എയർ ഇന്ത്യയും ഇൻഡിഗോയും തങ്ങളുടെ സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്നും നിർദ്ദേശം നൽകി.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കും. മേയ് 7ന് ഉച്ചയ്ക്ക് 12 മണി വരെ രാജ്‌കോട്ട്, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മേയ് 7ന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. അധികൃതരിൽ നിന്നുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.