കോഴിക്കോട് : ലോക സിനിമയിൽ മലയാളിയുടെ പേര് ചാർത്തിയ സംവിധായകൻ പൊയിലിങ്ങൾ സ്വദേശി ദേവദാസ് കല്ലുരുട്ടി നാട്ടിൽ കൊപ്ര കളത്തിൽ കൂലി പണിയിലാണ്. അതിശയിക്കണ്ട ഇങ്ങനെയും മലയാളത്തിൽ എളിമ നിറഞ്ഞ സംവിധായകർ ഉണ്ട്. വെറുമൊരു സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടി മാത്രമല്ല ഇത്തരം പണിക്ക് ഇദ്ദേഹം ഇറങ്ങുന്നത്. മറിച്ച് വളർന്നു വരുന്ന തന്റെ മക്കൾ ഉൾപെടുന്ന സമൂഹത്തിനു മാതൃകയാവാൻ കൂടിയാണ്. ലോക സിനിമയിൽ ആദ്യമായി 280 ബധിര മൂകരായ അഭിനേതാക്കളെ അണി നിരത്തി ഇദ്ദേഹം ഒരുക്കിയ മൗനാക്ഷരം എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ടെലിഫില്മുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ഇദ്ദേഹത്തിന് 2012ൽ അക്ഷരങ്ങൾക്കപ്പുറത്ത് ലഹരിക്കെതിരെ എന്ന ടെലി ഫിലിമിന് ലഭിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവ പ്രവർത്തകനായി നില നിൽക്കുന്നു
വളരെ ചെറുപ്പത്തിലെ തന്നെ നാളികേര ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ചലച്ചിത്ര മേഖലയിൽ എത്തിയതിന്റെ യാതൊരു അഹങ്കാരവും ഇതുവരെ ഇല്ല. പണിയെടുത്ത് വിയർപ്പിന്റെ വിലയറിഞ്ഞു ജീവിക്കണം എന്നാണ് ഇദ്ദേഹത്തിന് മറ്റുള്ളവരോടായി പറയാനുള്ളത്. ജീവിത രീതിയിൽ മാറ്റങ്ങൾ വരുമ്പോഴും കടന്നു പോയ വഴികളെ മറക്കാതിരിക്കുക എന്നത് നല്ല മനുഷ്യന് സാധ്യമായ ഒന്നാണ്. ശരിയാണ് ദേവദാസ് മനസ്സ് നിറയെ കലാ പ്രവർത്തനം നിറഞ്ഞവനാണ്. ഒരു നല്ല കലാകാരൻ എങ്ങനെ ഒരു നല്ല മനുഷ്യനാവാതെയിരിക്കും.
സിനിമ മേഖലയിലെ അക്കാദമി പഠനം ഒന്നും തന്നെ ഇദ്ദേഹത്തിനില്ല അതിന്റെ ആവിശ്യം സിനിമയ്ക്കും വേണ്ടതില്ലയെന്നതാണ് മറ്റൊരു സത്യം. ആഗ്രഹവും പരിശ്രമവും അനുഭവങ്ങളിൽ നിന്നും പഠിക്കാനുള്ള ഇഷ്ടവും നമുക്കെന്തും പഠിച്ചെടുക്കാൻ സാധ്യമാകും എന്നതിന്റെ ഉദാഹരണമാണിത്. പത്താം ക്ലാസ് കഴിഞ്ഞു ഒരു ജിംനേഷ്യത്തിൽ ശരീര പുഷ്ടിക്കായി പ്രയത്നം തുടങ്ങി. അങ്ങനെ ഒരു വർഷം മിസ്റ്റർ കാലിക്കറ്റായി തിരഞ്ഞെടുത്തു. പുരസ്‌കാര ചടങ്ങിൽ അതിഥിയായി എത്തിയ സിനിമ നടൻ അബു സലീമുമായുള്ള ബന്ധം സിനിമയിലേക്കുള്ള വഴി ഒരുക്കി.
ആദ്യ രണ്ടു സിനിമകളിൽ വില്ലനായി വേഷം ലഭിച്ചു. കൂടുതലായി സിനിമ ലോകത്തെ കുറിച്ച് അറിഞ്ഞു തുടങ്ങി. പഠിക്കും തോറും അഭിനയത്തേക്കാൾ താല്പര്യം സംവിധാനത്തോടായി മാറി. അങ്ങനെ സംവിധായകൻ മോഹൻ ദാസ് പൊറ്റമ്മലിനൊപ്പം ദാനം പരിചയം എന്ന 600 എപ്പിസോഡ് പിന്നിട്ട പരിപാടിയുടെ പിന്നണിയിലായി പ്രവർത്തനം ആരംഭിച്ചു പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടക്കം. പിന്നീട് അങ്ങോട്ട് എല്ലാം ചിന്തകളായിരുന്നു, സംവിധയകൻ എന്ന നിലയിലേക്കുള്ള വളർച്ചയ്ക്കുള്ള പരിശ്രമങ്ങൾ. നിലവിൽ ഉണ്ണി മുകുന്ദനേയും സ്വരാജിനെയും മാമുക്കോയയെയും എല്ലാം ഉൾപ്പെടുത്തി പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിൽ കൂടിയാണ് ഇദ്ദേഹം.
ട്രാൻസ് ജൻഡേഴ്സിന്റെ കഥയാണ് വരാനിരിക്കുന്ന സിനിമയുടെ പ്രമേയം സിനിമയിൽ പ്രശസ്ത നടന്മാർക്കൊപ്പം നൂറു കണക്കിന് ട്രാൻസ് ജൻഡേഴ്സിനെ കൂടി ഉൾപ്പെടുത്തി ചരിത്രം രചിക്കാനാണ് ഇദ്ദേഹത്തിന്റെ പുതിയ തീരുമാനം. കിനാവിന്റെ തീരത്ത്,ഇക്കാക്കാന്റെ കുഞ്ഞി വാവ,മടച്ചാൽ മുത്തപ്പ ചരിതം എന്നിവ ഇദ്ദേഹത്തിന്റെ ടെലി ഫില്മുകളാണ്. വര്ഷങ്ങളായി സീരിയൽ രംഗത്തും സജീവം.
ഈ ലോക്ക് ഡൌൺ കാലത്ത്ഇളവുകൾ ലഭിച്ചതോടെ ഈ സംവിധായകൻ കൊപ്രക്കളത്തിലേക്കും കൃഷി തൊഴിലേക്കും ഇറങ്ങി കഴിഞ്ഞു. ഇനി അടക്കപ്പെട്ട കാലത്ത് നിന്നും മോചിതനായാൽ നേരെ സിനിമ രംഗത്തേക്കും. സിനിമ ഇദ്ദേഹത്തിന് ജോലിയല്ല അതൊരു സ്വപ്നമാണ് അദ്ദേഹം അതിനു പുറകെ സഞ്ചരിച്ചു കൊണ്ടിരിക്കും. അഭിമാനവും മാതൃകയുമാണ് ഇദ്ദേഹം കല്ലുരുട്ടി സ്വദേശികൾക്കു മാത്രമല്ല ഈ നാടിനു മുഴുവൻ