ഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ഒരു അധ്യാപകനെതിരെ പത്ത് വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പരാതികളിൽ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപ് തന്നെ പരാതികൾ ലഭിച്ചിരുന്നതായി സർവകലാശാല അധികൃതർ വ്യക്തമാക്കി.
ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകൻ വിദ്യാർത്ഥികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും, അവിടെവച്ച് ലൈംഗിക താത്പര്യത്തോടെ പെരുമാറുകയും ചെയ്തെന്നാണ് പ്രധാന ആരോപണം. കൂടാതെ, ക്ലാസുകൾക്കിടെ വിദ്യാർത്ഥിനികളോട് അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയെന്നും പരാതികളിൽ വ്യക്തമാക്കുന്നു.
നിലവിലെ പരാതികൾ പുറത്തുവന്നതിന് പിന്നാലെ മുൻ വിദ്യാർത്ഥികളും സമാനമായ അനുഭവങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേയനായ അധ്യാപകൻ പ്രതികരിച്ചു. ഇത്തരം പരാതികൾ നിലവിലെ നിയമപ്രകാരം ഐ.സി.സിയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജെ.എൻ.യു. വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി.

