മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ അദ്ദേഹത്തിന്റെ ചുമതലയായ ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു.
കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. പാണക്കാട് ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.
കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയ സന്ദർഭങ്ങളിൽ പാര്‍ട്ടിക്കും മുന്നണിക്കും വിജയം
നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ.ടി.പറഞ്ഞു.

