കായണ്ണ ഗ്രാമപഞ്ചായത്തിൽ എം.സി. എഫ് നിർമ്മാണം; കലക്ടർ പ്രദേശവാസികളുമായി ചർച്ച നടത്തും

0
124

കായണ്ണ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കലക്ഷൻ ഫസിലിറ്റി കേന്ദ്രം  ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് അധികൃതരുമായി ജില്ലാകലക്ടർ  സാംബശിവറാവു ചർച്ച നടത്തി. എം.സി.എഫ് സ്ഥാപിക്കുന്നതിൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്  കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ചർച്ച നടത്തിയത്. എം.സി.എഫ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കലക്ടർ സന്ദർശിച്ചു.  പ്രദേശത്തെ ആളുകളുമായി കളക്ടർ ഞായറാഴ്ച വൈകുന്നേരം ചർച്ച നടത്തും.

കായണ്ണ ബസാറിൽ ഇറിഗേഷൻ വകുപ്പ് വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് എം.സി.എഫ് കേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും പ്രാദേശിക എതിർപ്പിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. എം.സി എഫ് കേന്ദ്രം ആരംഭിച്ചാൽ കെട്ടിടത്തിന്റെ  മുകൾനിലയിൽ ലൈബ്രറി നിർമ്മിക്കാനാണ് പഞ്ചായത്ത്  ഉദ്ദേശിക്കുന്നത്. നിലവിൽ
 34 എം.സി.എഫ് കേന്ദ്രങ്ങളാണ് ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നത്.

 കായണ്ണ ഗ്രാമപഞ്ചായത്തിലെ കാപ്പുമ്മൽ എസ്.സി കോളനി, രാജീവ് ദശലക്ഷം കോളനി, കായണ്ണ ലക്ഷംവീട്  കോളനി എന്നിവിടങ്ങളും  കലക്ടർ സന്ദർശിച്ചു. കോളനികളിലെ  പ്രശ്നങ്ങൾ കോളനി നിവാസികളോട് കലക്ടർ ചോദിച്ചറിഞ്ഞു.

നടപ്പാത,  ഓടകൾ എന്നിവ സംബന്ധിച്ച്   നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച്  കോളനികൾ സന്ദർശിച്ച ശേഷം ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,  സെക്രട്ടറി, വില്ലേജ് ഓഫീസർ, എൽ.എസ്.ജി.ഡി ഓഫീസർ തുടങ്ങിയവരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമുള്ള റിപ്പോർട്ട്  സമർപ്പിക്കാനാണ് നിർദ്ദേശം.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.എം രാമചന്ദ്രൻ,  പഞ്ചായത്ത് സെക്രട്ടറി ദീപു രാജ് , വില്ലജ് ഓഫീസർ രതീഷ് തുടങ്ങിയവർ കലക്ടർക്കൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here