തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്.
അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണം എന്നും പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് ബാധയില്ലെന്നു ഉറപ്പു വരുത്തി വീട്ടിലേക്ക് അയച്ച് അവിടെ ഏഴു ദിവസത്തെ ക്വാറന്റീൻ എന്നായിരുന്നു തീരുമാനം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം സർക്കാർ തന്നെ ഉറപ്പു വരുത്തണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പുനരാലോചന . ഇന്ന് ചേരുന്ന ഉന്നത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.