ആറന്മുള ∙ പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്.
എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ പറയാൻ കഴിയില്ല. അതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഉടൻ മാറ്റില്ലെന്നും അധികൃതർ പറഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്.
അതേസമയം സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റിൽ ഉപേക്ഷിച്ചതെന്ന മറുപടിയാണു ആറന്മുള കോട്ട സ്വദേശിയായ യുവതി നൽകിയത്. കുഞ്ഞിനെ എന്തു കൊണ്ട് ആശുപത്രിയിൽ എത്തിച്ചില്ലെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയില്ല. യുവതി ചികിത്സയിൽ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ആറന്മുള എസ്ഐ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
ഡോക്ടറുടെ മൊഴിയുമെടുത്തു. കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിക്കുകയായിരുന്നെന്നാണു യുവതിയുടെ മൊഴി. ഇന്നലെ യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പൊക്കിൾക്കൊടി മുറിക്കാനെടുത്ത കത്രിക കണ്ടെത്തി.വിവിധ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുളളത്.