തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും വിദ്യാർത്ഥകൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അർഹ സമുദായങ്ങളിൽപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്കുള്ള ഗ്രാൻഡ് സ്റ്റൈപെന്‍റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധി മൂലം ധന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മുടങ്ങി കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി പറയുന്ന സർക്കാർ പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് തെറ്റാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

