ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും.
90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാണ, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും.
2014-ലെ മോദി തരംഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലേറുന്നത്. 2019-ലും അധികാരം നിലനിർത്തി. അഗ്‌നിവീർ പദ്ധതി, കർഷക പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പുകൾ.