കോഴിക്കോട് : പരസ്പര പൂരകമായ കാമ്പയിനിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പരിശോധന, ശിക്ഷ, ബോധവത്ക്കരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കേരളത്തിലെ റോഡ് സുരക്ഷയിലെ അപാകത പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡ് സുരക്ഷാ ആക്ഷന്‍പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കായി കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജംഗ്ഷനില്‍ എത്തിയതായിരുന്നു മന്ത്രി.
സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ എത്തിയ വാഹനയാത്രക്കാര്‍ക്ക് ഗതാഗത മന്ത്രി നേരിട്ട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സൗമ്യമായി സുരക്ഷാ മാര്‍ഗങ്ങള്‍ വിവരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. റോഡ് സുരക്ഷ ആക്ഷന്‍പ്ലാനിന്റെ ഭാഗമായി കാറുകളിലെ മുഴുവന്‍ യാത്രക്കാരും സീറ്റ്ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാരും ഹെല്‍മെറ്റും ധരിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള പരിശോധനകളാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയത്.
ഓഗസ്റ്റ് 5 മുതല്‍ 7 വരെ സീറ്റ്ബെല്‍റ്റ,് 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നല്‍ ജമ്പിങും, 24 മുതല്‍ 27 വരെ സ്പീഡ ഗവര്‍ണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിമും കോണ്‍ട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണ് പരിശോധന നടത്തുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി.സി വിനേഷ്, ആര്‍.ടി.ഒ കോഴിക്കോട് എം.പി സുഭാഷ് ബാബു, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഷബീര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു