എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് കഴുത്തുവേദന. ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, വെര്‍ട്ടിബ്രല്‍ ബോണിന്റെ ക്ഷയം, അതുവഴി സുഷുമ്‌നാ നാഡികള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദം, പൊക്കമേറിയ തലയണയുടെ സ്ഥിരമായ ഉപയോഗം, എന്നിവ ഈ രോഗത്തിന് കാരണമാവുന്നു. മാനസിക സംഘര്‍ഷങ്ങള്‍ മൂലവും കഴുത്തും വേദനയുണ്ടാകും.
ചില വ്യായാമങ്ങളിലൂടെ കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താനും വേദനയുടെ തീവ്രത കുറയ്ക്കാനും പറ്റും.
ക്ലോക്ക് വൈസ് രീതിയിലും ആന്റി ക്ലോക്ക് വൈസ് രീതിയിലും തല ചുഴറ്റുക.
തല ചെരിച്ച് തോളില്‍ മുട്ടിക്കുക. രണ്ടു വശത്തേക്കും മാറി മാറി ചെയ്യണം. 10-15 തവണ ചെയ്യുക.
നിവര്‍ന്നു നിന്ന ശേഷം രണ്ടു തോള്‍ഭാഗവും ചെവിയില്‍ മുട്ടിക്കുന്നതിനായി ഉയര്‍ത്തുകയും രണ്ടോ മൂന്നോ സെക്കന്റ് അങ്ങനെ നിര്‍ത്തിയ ശേഷം പഴയ അവസ്ഥയിലേക്കു കൊണ്ടു വരികയും ചെയ്യുക. പല തവണ ഇത് ആവര്‍ത്തിക്കാം.
നെറ്റിയില്‍ കൈപ്പത്തികൊണ്ടു പുറകിലേക്കും അതിനെ ചെറുത്തു നില്‍ക്കുംവിധം തല മുന്നിലേക്കും തള്ളുക. പത്തു പതിനഞ്ചു സെക്കന്റ് നേരം ഇങ്ങനെ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഇതിനു വിപരീതമായ രീതിയില്‍ തല പിന്നില്‍ നിന്നു മുന്നിലേക്കു തള്ളുക.
കടുത്ത കഴുത്തു വേദനയുള്ളപ്പോള്‍ ഈ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയാണു നല്ലത്.
സൂക്ഷിക്കേണ്ട കാര്യങ്ങള്‍
കംപ്യൂട്ടറിനു മുന്നില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കുക.
നടുവും തലയും നിവര്‍ത്തി ഇരുന്നുവേണം കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍.
കിടന്നു കൊണ്ടു ടിവി കാണുന്നതും വായിക്കുന്നതും ഒഴിവാക്കുക.
സ്ഥിരമായി കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ കഴുത്തുവേദന പെട്ടെന്നു പിടികൂടാം. ആ ശീലം മാറ്റുക.