സിവിൽ സർവീസ്: ആദ്യഘട്ട പരീക്ഷ ഒക്‌ടോബർ 10 ന്
അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 2021 ഒക്‌ടോബർ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെക്ഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിക്കുന്നത്. കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് പരീക്ഷ എഴുതാനായി അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 78 കേന്ദ്രങ്ങളിൽ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനും കേരള സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതുവാൻ എത്തുന്ന കുട്ടികൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരീക്ഷ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളു. ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും കൂടി കയ്യിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്. പരീക്ഷക്ക് എത്തുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ബാഗുകൾ, മോബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക്, ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല. ഉദ്യോഗർത്ഥികൾക്ക് യാത്ര ആവശ്യത്തിന് പൊതുഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ട്.
സി.ഒ.ഇ ട്രേഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സെപ്റ്റംബർ 2021ൽ നടന്ന അഖിലേന്ത്യാ സി.ഒ.ഇ ട്രേഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം www.det.kerala.gov.in ലും ബന്ധപ്പെട്ട സർക്കാർ ഐ.ടി.ഐകളിലും ലഭിക്കും.
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറുടെയും എൻജിനീയറിംഗ് അസിസ്റ്റന്റിനുമുള്ള ഒഴിവുകളുണ്ട്. സൗണ്ട് എൻജിനീയർ ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.
നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ അഞ്ചിനും 12നും അറ്റസ്റ്റേഷൻ ഇല്ല
നോർക്ക് റൂട്ട്‌സ് എറണാകുളം ഓഫീസിൽ ഒക്ടോബർ അഞ്ചിനും 12നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
8 ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് നാളെ (5) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വിദൂര രിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം
വിവിധ കാരണങ്ങളാൽ പഠനം നിലച്ചുപോയ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി വർണം പദ്ധതി പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ലഭ്യമാക്കും. കോഴ്സ് രജിസ്ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകൾക്കുമായി പ്രതിവർഷം 24,000 രൂപവരെ ധനസഹായമായി ലഭിക്കും. ഡിഗ്രി, പിജി കോഴ്സുകൾക്ക് പഠിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം സാമൂഹികനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ അതത് ജില്ലാ സാമൂഹികനീതി ഓഫീസുകളിൽ സമർപ്പിക്കണം.
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐ.റ്റി.ഐ/ കെ.ജി.സി.ഇ, പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള രണ്ടാം സ്ലോട്ട് അഡ്മിഷൻ 6ന് രാവിലെ 9.30 മുതൽ നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കും.
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ/ സംവരണ വിഭാഗക്കാരും അന്നേ ദിവസം രാവിലെ 9.30 മുതൽ 11.30 വരെ കോളേജിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.
എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,500 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും ഒടുക്കേണ്ടതാണ്. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കോഴ്‌സുകൾ
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. നവംബർ മുതൽ ആരംഭിക്കുന്ന പ്രസ്തുത കോഴ്‌സിൽ 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 0471-2332113, 8304009409 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മേൽപറഞ്ഞിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം
നിയമപരമായി വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കുമാണ് ഈ ധനസഹായത്തിന് അപേക്ഷിക്കാൻ അർഹത.
അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫോമിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ ട്രാൻസ് ജെൻഡർ സെല്ലിൽ ലഭ്യമാക്കേണ്ടതാണ്.
തീയതി നീട്ടി
സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 11 ന് വൈകിട്ട് അഞ്ചുവരെ നീട്ടി. സെപ്തംബർ 30 ആയിരുന്നു നേരത്തേ അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ഈമാസം 11ന് വൈകിട്ട് അഞ്ചിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് സാമൂഹികനീതി വകുപ്പ് അറിയിച്ചു.
ഡിപ്ലോമ ലാറ്ററൽ എൻട്രി: പ്രവേശനം 6ന്
കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി രണ്ടാം ഘട്ട സ്‌പോട്ട് പ്രവേശനം 6ന് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അന്നേദിവസം രാവിലെ 9.30 മുതൽ 11 മണിവരെ രജിസ്റ്റർ ചെയ്യാം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി സിയുടെയും അസൽ ഹാജരാക്കണം. ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 14,000 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും അടക്കേണ്ടതാണ്. പി ടി എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴി ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.

