Kerala

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി: നടുക്കുന്ന ഓര്‍മയില്‍ നിമ്മി

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്‌സ്…സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെണ്‍കുട്ടികളില്‍..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്….മംഗളൂരുവില്‍ കാമുകന്റെ കൊലക്കത്തിക്കുമുന്നില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളികള്‍ക്കും വിശിഷ്യാ കണ്ണൂരുകാര്‍ക്കും അഭിമാനമായ പയ്യാവൂരുകാരി നഴ്‌സ് നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്. മംഗളൂരു ദര്‍ളെഗട്ടെയില്‍ നടുറോഡില്‍ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ തടയാന്‍ കണ്ടുനിന്ന പലരും മടികാണിച്ചപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് അയാളെ പിടിച്ചുമാറ്റി, 12 കുത്തേറ്റ് അവശയായി പിടയുന്ന യുവതിയെ ആംബുലന്‍സിലേക്ക് എടുത്തുകയറ്റിയത് കെ.എസ്. ഹെഗ്‌ഡെ ആസ്പത്രിയിലെ അത്യാഹിതവിഭാഗം സ്റ്റാഫ് നഴ്‌സായ നിമ്മിയാണ്.സ്വന്തം ജീവന്‍ പണയപ്പെടുത്തി നിമ്മിചെയ്ത ആ സത്കര്‍മത്തിന് ഇന്നൊരു യുവതിയുടെ ജീവന്റെ വിലയുണ്ട്. ഒരു നഴ്‌സിന്റെ ജീവിതത്തിലെ അസുലഭനിമിഷത്തിലൂടെ കടന്നുപോവുകയാണ് നിമ്മി സ്റ്റീഫന്‍. നിട്ടെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും ചാന്‍സലറും ആസ്പത്രി മാനേജിങ് ഡയറക്ടറുമൊക്കെ നിമ്മിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്നു. ആസ്പത്രിയില്‍ നടന്ന ഡോക്ടേഴ്‌സ് ദിനാചരണത്തില്‍ മാനേജിങ് ഡയറക്ടറ്റര്‍ വിനയ് ഹെഗ്‌ഡെ നിമ്മിക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു. കാണുന്നവരൊക്കെ കൈപിടിച്ച് അഭിനന്ദിക്കുന്നു.ഹെഗ്‌ഡെ ആസ്പത്രിയില്‍ നടന്ന ഡോക്ടേഴ്‌സ് ദിനാചരണച്ചടങ്ങില്‍ നിമ്മിക്ക് മാനേജിങ് ഡയറക്ടര്‍ വിനയ് ഹെഗ്‌ഡെ
ഉപഹാരം നല്‍കി.

അഭിനന്ദനമഴയ്ക്കിടെ നിമ്മി ആ വെള്ളിയാഴ്ച ഓര്‍ത്തു-അന്ന് വൈകീട്ട് 4.30. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അത്യാഹിതവിഭാഗത്തിനു താഴെ നിന്ന് നിമ്മി നിലവിളി കേട്ടത്. ആസ്പത്രി കോമ്പൗണ്ടിന് തൊട്ടടുത്ത റോഡിലാണ് സംഭവം. അത്യാഹിതവിഭാഗത്തിന്റെ ജനലിലൂടെ റോഡുകാണാം. ആദ്യം വാഹനാപകടം നടന്നുവെന്നാണ് കരുതിയത്. പിന്നീടാണ് സംഭവം അറിയുന്നത്. ഒരു യുവാവ് കത്തികൊണ്ട് നിലത്തുവീണുകിടക്കുന്ന യുവതിയെ നിരന്തരം കുത്തിക്കൊണ്ടിരിക്കുന്നു. അക്രമം തടയാനെത്തിയവരെ യുവാവ് കത്തിവീശി ഓടിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോളാണ് ഡ്യൂട്ടി ഡോക്ടര്‍ ആംബുലന്‍സ് റെഡിയാക്കാന്‍ പറഞ്ഞത്. അത് കേട്ടമാത്രയില്‍ നിമ്മിയും ആംബുലന്‍സിലേക്ക് ചാടിക്കയറി. നിമ്മിയും ഒരു ഹെല്‍പ്പറുമായി ആംബുലന്‍സ് ഞൊടിയിടയില്‍ സ്ഥലത്തെത്തി.നിമ്മി വണ്ടിയില്‍നിന്ന് ചാടിയിറങ്ങി. ഒന്ന് പരിസരം വീക്ഷിച്ചു. യുവതിക്കുമേല്‍ കയറിയിരുന്ന് യുവാവ് കത്തി ഒരിക്കല്‍ കൂടെ ഉയര്‍ത്തിത്താഴ്ത്തി. പിന്നെ സ്വന്തം കഴുത്തില്‍ കത്തികൊണ്ട് വരഞ്ഞു. യുവതി അലറിക്കരഞ്ഞു പിടയുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ നിമ്മി യുവാവിനരികിലേക്ക് നീങ്ങി. അത്യാഹിത വിഭാഗത്തിലെ ജനലിലൂടെ സഹപ്രവര്‍ത്തകര്‍ വേണ്ട നിമ്മീ…പോകല്ലേ…എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊന്നും നിമ്മി കേട്ടില്ല.കഴുത്തില്‍നിന്ന് രക്തം വാര്‍ന്ന് അവശനായിരുന്ന യുവാവിനെ യുവതിയില്‍നിന്ന് നിമ്മി പിടിച്ചുമാറ്റി. അപ്പോഴേക്കും അതുവരെ നോക്കുകുത്തിപോലെനിന്ന ചിലര്‍ സഹായത്തിനെത്തി. തത്ക്ഷണം യുവതിയുമായി ആംബുലന്‍സ് ആസ്പത്രിയിലേക്ക് കുതിച്ചു. യുവാവിനെ നിമ്മിയും മറ്റുചിലരും ചേര്‍ന്ന് എടുത്ത് ആസ്പത്രിയിലെത്തിച്ചു. അ?േപ്പാഴേക്കും ഹെഗ്‌ഡെ ആസ്പത്രിയിലെ അത്യാഹിതവിഭാഗം എല്ലാതരത്തിലും സജ്ജമായിരുന്നതായി നിമ്മി ഓര്‍ക്കുന്നു. അനസ്‌തേഷ്യ ഓര്‍ത്തോ സര്‍ജറി തുടങ്ങി എല്ലാ വിഭാഗത്തിലെ തലവന്‍ മാരും അവിടെ എന്തിനും തയ്യാറായെത്തിയിരുന്നു.തിരിച്ച് ആസ്പത്രിയിലെത്തിയപ്പോള്‍ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരുടെ ശകാരമായിരുന്നു തന്നെ കാത്തുനിന്നതെന്ന് നിമ്മി ഓര്‍ക്കുന്നു.- അല്ലെങ്കിലേ ജോലിസമയം കഴിഞ്ഞു. പോരാത്തതിന് എന്തും ചെയ്യാന്‍ മടിക്കാതെ കത്തിയുമായി നില്‍ക്കുന്ന ഒരാളുടെ അടുത്തേക്ക്… നീ എന്തുകണ്ടിട്ടാ..- എനിക്കപ്പോ അങ്ങനെയാ ചെയ്യാന്‍ തോന്നിയത് എന്നുമാത്രം പറഞ്ഞ്, പരിക്കേറ്റ ഇരുവരെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സഹായിക്കാന്‍ നിമ്മി പോയി.അന്ന് തന്നെ ശകാരിച്ചവര്‍ ഇന്ന് അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്ന് നിമ്മി. പയ്യാവൂര്‍ ഉപ്പുടന്ന കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും മുന്നു മക്കളില്‍ ഇളയവളായ നിമ്മി നിട്ടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബി.എസ്സി. നഴ്‌സിങ് ജയിച്ചത്.കുത്തേറ്റുപിടയുന്ന ആ യുവതിയുടെ ദയനീയ നോട്ടം കണ്ടാണ്, രക്ഷിക്കൂ എന്ന യാചന കേട്ടാണ് താന്‍ കത്തിപിടിച്ചുനില്‍ക്കുന്ന യുവാവിന്നരികിലേക്ക് പോയത് എന്ന് നിമ്മി പറയുന്നു. എങ്ങനെയെങ്കിലും രക്ഷിക്കുക അത് മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.അപ്പോള്‍ ഞാന്‍ എന്നെ ഓര്‍ത്തതേയില്ല. സംഭവം നടക്കുന്നതിനു തൊട്ടടുത്ത് പത്തോളം യുവാക്കളുണ്ടായിട്ടും ആരും തടഞ്ഞില്ല. പലരും മൊബൈലില്‍ വീഡിയോ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ട് കഷ്ടം തോന്നി.അത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് അവര്‍ ആനന്ദം കണ്ടെത്തുന്നു. 12 കുത്തേറ്റ മുറിവുകളാണ് യുവതിയുടെ ദേഹത്തുണ്ടായിരുന്നത്. വീഡിയോ എടുക്കുന്നതിനു പകരം മൂന്നു യുവാക്കളെങ്കിലും ഒരുമിച്ചുപോയാല്‍ അയാളെ കീഴ്‌പ്പെടുത്താമായിരുന്നു. അതുണ്ടായില്ല. അത്യന്തം അപകടകരമായിരുന്നു യുവതിയുടെ അവസ്ഥ. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റ യുവതിയില്‍ 75 കുപ്പി രക്തമാണ് കയറ്റിയത്. അവരിപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. യുവാവ് മനോരോഗ ചികിത്സാവാര്‍ഡിലാണ്-നിമ്മി പറഞ്ഞു.നഴിസിങ് എനിക്ക് ഇഷ്ടപ്പെട്ട പ്രൊഫഷനാണ്. വിദേശത്ത് പോയി ജോലിചെയ്യണമെന്നാണ് ആഗ്രഹം. ചേട്ടന്‍മാരായ നിതിന്‍ (ഓഡിയോളജിസ്റ്റ്), മിതിന്‍ (എന്‍ജിനീയര്‍) എന്നിവര്‍ ദുബായിലാണ്. സംഭവം നടന്ന ദിവസം ഒട്ടേറെപ്പേര്‍ സ്‌നേഹത്തോടെ വഴക്കുപറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവനവന്റെ ജീവന്‍ നോക്കി ഇടപെടാതെ മാറിനില്‍ക്കുകയാണ് വേണ്ടതെന്നൊക്കെ പലരും ഉപദേശിച്ചു. പക്ഷേ..ഇനിയും ഇത്തരമൊരു സംഭവമുണ്ടായാല്‍, ഞാന്‍ അവിടെയുണ്ടായാല്‍ ഇടപെടും ഇതുപോലെ തന്നെ..എന്റെ മനസ്സ് പറയുന്നത് ഞാന്‍ ചെയ്യും..അത് പ്രത്യേകിച്ച് ഒരു ജീവന്‍ രക്ഷിക്കാനാണെങ്കില്‍ തീര്‍ച്ചയായും -നിമ്മി തന്റെ നയം വ്യക്തമാക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!