പെരുവയൽ : രണ്ട് പ്രളയങ്ങളിലായി ചാലിയാറിൽ അടിഞ്ഞൂകൂടിയ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധനിര സംഘടിപ്പിച്ചു. പള്ളിക്കടവിൽ ചാലിയാർ തീരത്താണ് പരിപാടി സംഘടിപ്പിച്ചത്.
2019ലെ പ്രളയ ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് രേഖാമൂലം ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. തുടർന്ന് നിരന്തരം ഇതു സംബന്ധിച്ച് ബന്ധപ്പെട്ടെങ്കിലും ജില്ലാ ദുരന്തനിവാരണ സമിതിയോ സംസ്ഥാന സർക്കാറൊ യാതൊരു നടപടിയും സ്വീകരിച്ചില്ല. തന്മൂലം പുഴയിൽ ചെളിക്കൂമ്പാരമായി ഒഴുക്ക് തടസ്സപ്പെടുന്ന നിലയിലാണുള്ളത്. ഇത് പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതിനും പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുന്നതിനും കാരണമാകും.
പ്രളയത്തെ മുന്നിൽ കണ്ട് വളരെ മുൻകൂട്ടി തന്നെ സര്ക്കാർ ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ മഴ ശക്തമായ ശേഷം 2020 മെയ് 28നാണ് ചെളി നീക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കുന്നത്. ഈ ലിസ്റ്റിൽ 9 ഗ്രാമപഞ്ചായത്തുകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. പെരുവയൽ ഉൾപ്പെടെ നിരവധി പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുമില്ല.
പിന്നീട് സർക്കാർ എല്ലാ പഞ്ചായത്തുകള്ക്കും അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനോ വ്യക്തത വരുത്താനോ തയ്യാറായിട്ടില്ല. പ്രളയത്തെ കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്ന സർക്കാർ ഇതു സംബന്ധിച്ച് യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നതിൻ്റെ തെളിവാണ് ചെളി നീക്കം തടസ്സപ്പെട്ടതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നിലവിലുള്ള സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയർമാൻ കെ.മൂസ്സ മൌലവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത ഉദ്ഘാടനം ചെയ്തു. സി.എം.സദാശിവൻ, ഇ.സി.മുഹമ്മദ്, എൻ.അബൂബക്കർ, അനീഷ് പാലാട്ട്, പി.കെ.ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി പ്രസംഗിച്ചു.