കുന്ദമംഗലം : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കട തുറന്ന കുന്ദമംഗലത്തെ ചെറുകിട വ്യവസായികളുടെ കടകൾ കളക്ടറുടെ ഉത്തരവിനാൽ പൂട്ടിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ എം എൽ എ യു സി രാമൻ രംഗത്ത്. ജില്ലയിൽ ആരുടേതാണ് യഥാർത്ഥ സർക്കാർ നിലപാടെന്നു അധികൃതർ വ്യക്തമാക്കണമെന്നും വ്യാപാരികൾക്കും ജനങ്ങൾക്കും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ച വന്നെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. മുഖ്യ മന്ത്രി ഒന്ന് പറയുമ്പോൾ ഉദ്യോഗസ്ഥർ മറ്റൊന്ന് ചെയ്യുന്ന രീതിയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ മൂന്നാം ഘട്ട ലോക്ക് ഡൗണിനോട് മുൻപന്തിയായ് പ്രഖ്യാപിച്ച ഹോട് സ്പോട്ടുകളുടെയും സോണുകളുടെയും ഇളവുകളുടെ അടിസ്ഥാനത്തിൽ ഓറഞ്ച് ഗ്രീൻ സോണുകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ ചെറുകിട വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. നിലവിലെ സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ കോഴിക്കോട് ജില്ലയും കുന്ദമംഗലം പ്രദേശവും ഓറഞ്ച് സോണിലാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ വ്യാപാരികൾ കട തുറന്നു പ്രവൃത്തിച്ചതെന്ന് യു സി രാമൻ പറഞ്ഞു. എന്നാൽ ചെറുകിട കടകൾ തുറന്നതിനുതൊട്ടു പിന്നാലെ പോലീസ് വന്നു അടപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു .
അതേ സമയം ഇന്ന് വ്യാപാരികൾക്കെതിരെ ഉണ്ടായ തീരുമാനം അംഗീകരിക്കാൻ കഴിയാത്തതും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നതുമായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സിന്ദൂർ ബാപ്പു ഹാജി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു. പെട്ടെന്ന് വന്ന തീരുമാനം വ്യാപാരികളിലും ജനങ്ങളിലും അവ്യക്ത സൃഷ്ടിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എന്നാൽ ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ ചില സ്ഥാപനങ്ങൾ സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവിൽ തുറക്കരുതെന്നു രേഖകളിൽ ഉണ്ടെന്നും ഇത് സംസ്ഥാനത്ത് മുഴുവൻ ബാധകമാണെന്നും അത്തരം വിലക്കുകൾ ഉള്ള കടകൾ മാത്രമാണ് കുന്ദമംഗലത്ത് അടപ്പിച്ചതെന്നും സി ഐ ജയൻ ഡൊമനിക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു. മറ്റു കടകൾ നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.