വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപം വനമേഖലയായ വാളരം കുന്നില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂര്‍, കര്‍ണാടക മേഖലയില്‍ നിന്നുള്ള വ്യക്തിയാവുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും തോക്കുള്‍പ്പെടെ കണ്ടെത്തിയെന്ന് മാത്രമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല.
തണ്ടര്‍ ബോള്‍ട്ട് സ്വന്തം നിലയ്ക്ക് നടത്തിയ നീക്കത്തിലാണ് ഒരാള്‍ കൊല്ലപ്പെടുന്ന തരത്തിലുള്ള ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. നീക്കത്തെ കുറിച്ച് ലോക്കല്‍ പോലീസിന് അറിവില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറുമണിയോടെ തണ്ടര്‍ബോള്‍ട്ട് സംഘം പതിവ് പട്രോളിങ്ങിന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് എതിരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് എന്നും പോലീസ് പറയുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും കയറ്റിവിടുന്നില്ല. വന്‍ പോലീസ് സന്നാഹവും സ്ഥലത്തേക്ക് എത്തുന്നുണ്ട്.
അതേസമയം, വയനാട് ഏറ്റുമുട്ടല്‍ സംഭവത്തില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇതുവരെ 10 വ്യാജ ഏറ്റുമുട്ടല്‍ നടന്നു എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. തോക്കും ലാത്തിയും കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടത് എന്ന് കുറ്റപ്പെടുത്തിയ കെപിസിസി അധ്യക്ഷന്‍ സര്‍ക്കാര്‍ നടത്തുന്നത് ഭരണകൂട ഭീകരതയാണെന്നും ഇത്തരം വ്യാജ ഏറ്റുമുട്ടലുകളെ കോണ്‍ഗ്രസ് അപലപിക്കുകയാണെന്നും പ്രതികരിച്ചു.