വി.എച്ച്.പി. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്.സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.വാർത്താക്കുറിപ്പിലൂടെയാണ് അഡ്വ.എസ്.സുഭാഷ് രാജിക്കാര്യം അറിയിച്ചത്. വി.എച്ച്.പി. ജില്ലാ പ്രസിഡന്റിന് പുറമെ കേരള ഹൈക്കോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ (സി.ജി.സി.), തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ് സുഭാഷ് ചന്ദ്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ്. വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാനജീവിതം ഇല്ലാതെയാകും. വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്.’
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടിക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ തീരുമാനിക്കുന്നു.’ സുഭാഷ് ചന്ദ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി