തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റ മരണ വാർത്ത താങ്ങാൻ കഴിയാതെ അദ്ദേഹത്തിന്റെ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സലിം. കാരന്തൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ബഷീർ.ഒരു മരണത്തിലും ഇത്രയധികം താൻ വേദനിച്ചിട്ടില്ലായെന്ന് അധ്യാപകനായ സലിം പറയുന്നു.
ഇന്ന് പുലർച്ചെ ചരൽക്കുന്നിൽ വെച്ച് തന്റെ പാർട്ടിയുടെ ക്യാമ്പിൽ വെച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ ബഷീർ മരണപ്പെട്ട വാർത്ത ഈ അധ്യാപകൻ കേട്ടറിഞ്ഞത്. ഒരു നിമിഷം തരിച്ചു നിന്നു പോയി.ബഷീർ കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായതു മുതൽ നല്ലൊരു വ്യക്തി ബന്ധമുണ്ടെന്ന കാര്യം അധ്യാപകൻ പറയുന്നു.
എപ്പോഴും ചിരിച്ചു കൊണ്ട് , ദേഷ്യപ്പെട്ടാലും ചിരിച്ചു കൊണ്ട് നേരിടുന്ന പ്രത്യേക പ്രകൃതമായിരുന്നു ബഷീറിന്റേതെന്ന് അധ്യാപകൻ ഓർമ്മിക്കുന്നു. ഇടക്കിടെ പാര വെച്ച് തമാശ പൊട്ടിക്കും. ഞാനത് നന്നായി ആസ്വദിക്കുന്ന ആളാണെന്ന് ബഷീറിനറിയാമായിരുന്നു . ബഷീർ പിന്നീട് സിറാജ് പത്രത്തിൽ റിപോർട്ടറായി തിരുവനന്തപുരത്തെത്തി. എപ്പോൾ മർക്കസിൽ വരുമ്പോഴും അവൻ കണ്ട് സ്നേഹ ബന്ധം പുതുക്കമായിരുന്നു. എന്റെ നല്ല വാർത്തകൾ വരുമ്പോൾ വിളിച്ച് അഭിനന്ദിക്കുമായിരുന്നു. അവന്റെ വശ്യമായ പെരുമാറ്റം ആരോടും വ്യക്തിബന്ധം സ്ഥാപിക്കാൻ ധാരാളമായിരുന്നു.
മർക്കസ് സമ്മേളനത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബഷീറിനെ ‘ബഷീറേ’ എന്ന് പേരെടുത്ത് വിളിച്ചപ്പോൾ പലരും ഇവന് മുഖ്യമന്ത്രിയുമായി ഇത്രയും വ്യക്തി ബന്ധമോ എന്ന് അദ്ഭുതപ്പെട്ടു. തിരുവനന്തപുരത്ത് ഒട്ടുമിക്ക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ബഷീറിന് വലിയ ബന്ധമായിരുന്നു.ഞാൻ ഇന്നലെ വരെ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളിലും ബഷീറിന്റെ ലൈക്കുണ്ടായിരുന്നു. ഇനി മുതൽ അവന്റെ ലൈക്ക് ഉണ്ടാവില്ല. അദ്ദേഹം എഴുതിയ വരികളാണിവ.
സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയാണ് ഈ മരണത്തിന് കാരണമെന്നും അദ്ദേഹത്തിനെതിരെ കൊല കുറ്റത്തിന് കേസ് നൽകണമെന്നുമാണ് ഈ അധ്യാപകൻ ആവിശ്യപെടുന്നത്. കുറിപ്പിന്റെ ഒടുവിലായി അദ്ദേഹം എഴുതിയ വാക്കുകൾ ഇങ്ങനെയാണ്
“ബഷീർ, ഞാനും മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വരികയാണ്, നിന്നെ കാണാൻ . പക്ഷേ നിന്നെക്കുറിച്ചെഴുതിയ ഈ പോസ്റ്റ് കാണാൻ നീയില്ലല്ലോ എന്നൊരു ദുഃഖംനിന്റെ പരലോക ഗുണത്തിന് പ്രാർഥിച്ചു കൊണ്ട് നിന്റെ സലിം മാഷ് “.
ഇന്ന് പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ മുൻ മൂന്നാർ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. ഇപ്പോൾ തിരുവനന്തപുരം യൂണിറ്റ് മേധാവിയായി ചുമതല വഹിക്കുകയായിരുന്നു.
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.