കുന്ദമംഗലം: കേന്ദ്ര വഖഫ് ബില്‍: മുസ്ലിം വംശഹത്യയുടെ തുടര്‍ച്ച എന്ന തലക്കെട്ടില്‍ എസ് ഐ ഒ, സോളിഡാരിറ്റി കുന്ദമംഗലം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുന്ദമംഗലം ടൗണില്‍ പ്രതിഷേധ പ്രകടനവും വഖഫ് ബില്‍ കത്തിക്കലും സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് മുസ്ലിഹ് പെരിങ്ങൊളം മുഖ്യപ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏക സിവില്‍ കോഡ് തുടങ്ങി മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചുകൊണ്ട് സംഘപരിവാര്‍ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളുടെ തുടര്‍ച്ചയാണ് വഖഫ് ഭേദഗതി ബില്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വത്തെ തന്നെ തകര്‍ക്കുന്നതാണ്. മുസ്ലിം സമുദായം സ്വന്തം വിയര്‍പ്പില്‍ നിന്ന് നല്‍കി വളര്‍ത്തിയ ഇന്ത്യയിലെ സ്വത്തുക്കള്‍ അന്യായമായി കൈയേറാനുള്ള ആര്‍.എസ്.എസ് നീക്കമാണ് നിയമ നിര്‍മാണത്തിലൂടെ നടക്കുന്നത്. വഖഫ് ഭേദഗതി ബില്ല് പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ഒ ഏരിയ പ്രസിഡണ്ട് മുഹമ്മദ് റന്‍തീസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി യാസീന്‍ അഷ്‌റഫ്, മുസ്അബ് അലവി, അസിന്‍ സയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്ദമംഗലം ടൗണില്‍ പ്രതിഷേധ പ്രകടനവും വഖഫ് ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
