
കോഴിക്കോട് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള പുരോഗതി അറിയിക്കാൻ റിയാദ് റഹീം സഹായ സമിതിയുടെയും ഫറോക് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മറ്റി ഭാരവാഹികളും മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ തുടക്കം മുതൽ മാർച്ച് 18 ന് തിങ്കളാഴ്ച നടന്ന അവസാന കോടതി സിറ്റിംഗ് വരെയുള്ള വിവരങ്ങൾ സംഘം അബ്ദുറഹീം ലീഗൽ അസിസ്റ്റൻസ് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയോട് വിശദീകരിച്ചു.അടുത്ത സിറ്റിങ്ങിന് കോടതി അനുവദിച്ച ഏപ്രിൽ 14 നുള്ള കോടതിയുടെ കേസിലെ നിരീക്ഷണവും സ്റ്റാറ്റസും അറിയിക്കണമെന്നും അതിന് ശേഷം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രാലയം വഴി ഉന്നത തല ഇടപെടലിനായി ശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു.നാളിത് വരെയുള്ള കേസിന്റെ നടപടികൾ അബ്ദുറഹീമിന്റെ കേസിൽ തുടക്കം മുതൽ ഇടപെട്ട് പ്രവർത്തിക്കുന്ന റിയാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ കൂടിയായ യുസഫ് കാക്കഞ്ചേരി വിശദമാക്കി. സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന റഹീമിന്റെ മോചന ശ്രമങ്ങളെ വിവാദമാക്കാനുള്ള നീക്കങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അക്കാര്യം പരിശോധിക്കാമെന്നും ആവശ്യമെങ്കിൽ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഓരോ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമ സംവിധാനങ്ങളെ മാനിച്ചു കൊണ്ട് മാത്രമേ ആർക്കും ഇടപെടാൻ കഴിയുകയുള്ളൂവെന്ന് പൊതുസമൂഹത്തിനറിയാം. മറിച്ചുള്ള വിവാദങ്ങളെല്ലാം അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുവണ്ണൂർ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി റിയാസും കമ്മിറ്റി ഭാരവാഹികളും അബ്ദ്റഹിമിൻ്റെ വീട്ടിൽ എത്തി മാതാവിനെ കാണുകയും അവരെ ആശ്വസിപ്പിക്കുകയും കേസിൻ്റെ വിവരങ്ങൾ അവരെ ധരിപ്പിക്കുകയും ചെയ്തു. അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി മാസ്റ്റർ, മൊയ്തിൻ കോയ കല്ലമ്പാറ ,മജീദ് അമ്പലംകണ്ടി, ശശി നാരങ്ങയിൽ,റിയാദ് നിമയ സഹായ സമിതി ഭാരവാഹികളായ ഷകീബ് കൊളക്കാടൻ, നാസർ കാരന്തുർ തുടങ്ങിയവരും ടി രാധാഗോപിയും മുൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും പങ്കെടുത്തു.