തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ
പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തിലെയും ഏഴ് നഗരസഭയിലെയും കോർപ്പറേഷനിലെയും 4, 7 തരം തുല്യതാ പഠിതാക്കൾ, പത്താംതരം, പന്ത്രണ്ടാം തരം തുല്യതാ പഠിതാക്കൾ, പ്രേരക്മാർ എന്നിവർ കലാ മത്സരത്തിൽ മാറ്റുരയ്ക്കും.
മൂന്നിന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് അഞ്ചുമണിക്ക് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ വി. ടി ഉഷ സമ്മാനദാനം നിർവഹിക്കും.ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സാക്ഷരതാ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കം
നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഗെയിംസ് , ഷട്ടിൽ മത്സരങ്ങൾ ഇന്ന് (നവംബർ 2) രാവിലെ 7 മണിക്കും വോളിബോൾ മത്സരങ്ങൾ ഉച്ചക്ക് 1 മണിക്കും നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ഫുട്ബോൾ മത്സരം നവംബർ 3 നും ക്രിക്കറ്റ് ടൂർണ്ണമെൻറ് നവംബർ 5ന് രാവിലെ 8 മണിക്കും ചേലക്കാട് മിനി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്ക് നവംബർ 10 ന് കല്ലാച്ചി ഗവ: ഹൈസ്ക്കൂൾ ഗ്രൗണ്ടിലും
9 ന് രാവിലെ 9 മണി മുതൽ രചനാ മത്സരങ്ങൾക്ക് പഞ്ചായത്ത് ഹാളിലും വേദി ഒരുക്കും.
17-ന് രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി എൻ ശൈലേന്ദ്രൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ടി.കണാരൻ ചെയർമാനും കരിമ്പിൽ ദിവാകരൻ കൺവീനറുമായി കായികമേള കമ്മിറ്റിയും കെ.ടി.കെ.ചന്ദ്രൻ ചെയർമാനും ടി.രവീന്ദ്രൻ മാസ്റ്റർ കൺവീനറുമായി കലാമേളാ കമ്മിറ്റിയും രൂപീകരിച്ചു.
ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം 3ന് മന്ത്രി നിർവ്വഹിക്കും
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർ കുഴിയിൽ ജലസേചന വകുപ്പ് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷന്റെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജോർജ്ജ് എം തോമസ് എം എൽ എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി വിശിഷ്ടാതിഥിയായിരിക്കും.
ഇരുപത്തിയൊന്ന് തരം ഭിന്നശേഷി ഉള്ളവര്‍ക്ക് ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്
ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇനിയും ലഭ്യമാകാത്ത ജില്ലയിലെ ഭിന്നശേഷി വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതി ജില്ലാ ഭരണകൂടം നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോമ്പസിറ്റ് റീജ്യനല്‍ സെന്റര്‍ (സി.ആര്‍.സി. കേരള), ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹിക നീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നത്. വരുന്ന മൂന്ന് മാസങ്ങള്‍ കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭിന്ന ശേഷി വ്യക്തികള്‍ക്കും പുതിയ നിയമം (RPwD Act 2016) പ്രകാരമുള്ള 21 തരം ഭിന്നശേഷി ഉള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കാനുദ്ദേശിക്കുന്നത്. കാഴ്ച, കേള്‍വി, ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മാനസികാരോഗം എന്നിവയ്ക്കു പുറമേ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡ്വാര്‍ഫിസം, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ മുലതായ രോഗങ്ങള്‍, പാര്‍ക്കിന്‍സോണിസം, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടിഷന്‍ തുടങ്ങി പുതിയ ആക്റ്റില്‍ പറയുന്ന അവസ്ഥകള്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
പദ്ധതിയുടെ കൂടിയാലോചനാ യോഗം ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കേരള സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി, അഡി. ഡി.എം.ഒ ഡോ. ആശാദേവി, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.സജിത്, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷീബ മുംതാസ്, കേരള സി.ആര്‍.സി. റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് പി.വി., ജില്ലാ താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കള്ളുഷാപ്പുകളുടെ പരസ്യ വില്‍പന നവംബര്‍ 12 ന്
ഫറോക്ക് എക്‌സൈസ് റെയിഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 3 കരുവന്‍തുരുത്തി, ടി. എസ്. നമ്പര്‍ 6 – ചെറുവണ്ണൂര്‍, ടി. എസ്. നമ്പര്‍ 7 – കുണ്ടായിതോട് ടി. എസ്. നമ്പര്‍ 8 – ബേപ്പൂര്‍, ടി. എസ്. നമ്പര്‍ 9 – മാറാട് ബീച്ച്, ടി. എസ്. നമ്പര്‍ 10 – പാറപ്പുറം, ടി. എസ്. നമ്പര്‍ 11 – മീഞ്ചന്ത ഗെയിറ്റ് എന്നീ കള്ളുഷാപ്പുകളുടെയും കുന്ദമംഗലം എക്‌സൈസ് റെയിഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 10- മണാശ്ശേരി, 11 – മുക്കം, 23 – പന്നിക്കോട്, 31 – അഗസ്ത്യമുഴി, 32 – മാമ്പറ്റ, 34- കട്ടാങ്ങല്‍ എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി എക്‌സൈസ് റെയിഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 7 പുതുശ്ശേരിത്താഴം, ടി. എസ്. നമ്പര്‍ 8- നൊച്ചാട്, ടി. എസ്. നമ്പര്‍ 9 – കൈതക്കല്‍, ടി. എസ്. നമ്പര്‍ 10- കല്‍പ്പത്തൂര്‍, ടി. എസ്. നമ്പര്‍ 11 പേരാമ്പ്ര, ടി. എസ്. നമ്പര്‍ 51- കോടേരിച്ചാല്‍, എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ ഗ്രൂപ്പ് III ല്‍ ഉള്‍പ്പെട്ട ടി.എസ് നമ്പര്‍ 12- മരക്കാടി, 13- കടിയങ്ങാട്, 14-പന്തിരിക്കര, 15- കൂത്താളി, 16- പെരുവണ്ണാമുഴി, 17- ചെമ്പനോട, 48- പൂഴിത്തോട്, എന്നീ കള്ള് ഷാപ്പുകളുടെ 2019-20 വര്‍ഷത്തെ അവശേഷിക്കുന്ന കാലഘട്ടത്തിലേക്കുളള പരസ്യവില്‍പന നവംബര്‍ 12 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തും. വില്‍പന സംബന്ധിച്ചുള്ള നിബന്ധനകള്‍ കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ – 0495 2372927.
ഗതാഗതനിയന്ത്രണം
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ – മന്ദങ്കാവ് – ഊരളളൂര്‍ – മൂത്താമ്പി നിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊയിലാണ്ടിയില്‍ നിന്നും അനേലക്കടവ് – കാവുംപട്ടം – ഒറ്റക്കണ്ടം വഴി നടുവണ്ണൂരിലേക്ക് എത്തുന്ന വഴിയിലൂടെ ഗതാഗതം തിരിച്ചുവിടും.
ജില്ലാ ആയുര്‍വ്വേദ ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ഭാഗമായി പുറക്കാട്ടേരിയില്‍ കുട്ടികളുടെ ആശുപത്രി കോമ്പൗണ്ടില്‍ പണിയുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക് ഇന്ന് (നവംബര്‍ 2) വൈകീട്ട് 4.30 ന് പുറക്കാട്ടേരിയില്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ഒരുക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ വര്‍ഷം ഇതിലേക്കായി രണ്ട് കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുളളത്. അടുത്തവര്‍ഷം തന്നെ പണി പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുളളത്.