News

ഭരണഭാഷാ വാരാചരണം- ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

 ഭരണകൂടങ്ങള്‍ക്ക് ഭാഷ സൃഷ്ടിക്കാനാവില്ല. നശിപ്പിക്കാനാവുമെന്ന്   ചിന്തകന്‍ എം ഗോവിന്ദനെ ഉദ്ധരിച്ചുകൊണ്ട് എഴുത്തുകാരന്‍ ടി പി രാജീവന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. ഭാഷകള്‍ സൃഷ്ടിക്കാനും സംരക്ഷിക്കാനും ജനങ്ങള്‍ക്കുമാത്രമേ കഴിയൂ, ഭരണകൂടങ്ങള്‍ക്കാവില്ല. പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിച്ചാല്‍ ചിന്ത വ്യക്തമാവുകയും ഭാഷ വ്യക്തമാവുകയും ചെയ്യും, അങ്ങനെ ഭാഷയെ സംരക്ഷിക്കാനാവും.  പല ഭാഷകളും മതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ മലയാളം ഒരു മതേതര ഭാഷയാണ്. മലയാളത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. പ്രകൃതിക്കും  പുഴക്കും  സമുദ്രത്തിനുമൊപ്പം  ഭാഷയും അതിന്റെ അര്‍ത്ഥങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  സമ്പന്നമായ ഭൂതകാലമുണ്ടായിട്ടും ലിപി പോലും നഷ്ടപ്പെട്ട് നശിച്ചുപോയ ഭാഷകളുണ്ട്. മലയാളവും അതുപോലെ ഒരു ഗോത്രഭാഷ മാത്രമായിതീരുന്ന കാലം അതിവിദൂരമല്ലെന്ന് എം ഗോവിന്ദന്റെ ക്രാന്തദര്‍ശിത്വത്തെ അനുസ്മരിച്ചുകൊണ്ട് ടി പി രാജീവന്‍ പറഞ്ഞു. വേട്ടയാടപ്പെടുന്ന ഒരു കാട്ടു ജീവിയെ പോലെ,  ഇടിച്ചുനിരത്തുന്ന  കുന്നിനെ പോലെ,  വറ്റിച്ചുകൊണ്ടിരിക്കുന്ന പുഴയെ പോലെ ഇന്നത്തെ കാലത്ത്  ഭാഷയെ പലരീതിയില്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   പ്രകൃതിപരവും ഉത്പാദനപരവുമായ ഒട്ടേറെ വസ്തുതകളെ ആശ്രയിച്ചു നില്ക്കുന്നതാണ് ഭാഷ.  ഉത്പാദന ശേഷിയുള്ളവയായിരിക്കണം ഭാഷകള്‍. പുതിയതായി എന്തെങ്കിലും — പുതിയ പ്രവര്‍ത്തന രീതിയോ പുതിയ ആശയമോ  ഉള്‍പ്പെടെ — ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് പുതിയ പദങ്ങള്‍ വരിക. മലയാള ഭാഷ വളര്‍ന്നില്ലെങ്കില്‍ അതിനര്‍ത്ഥം കേരളീയസമൂഹവും മലയാളികളും ഒന്നും ഉത്പാദിപ്പിക്കുന്നില്ലെന്നാണെന്നും ടി പി രാജീവന്‍ പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പച്ച  മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ജില്ലാകലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു.  ജീവനക്കാര്‍ അവതരിപ്പിച്ച മലയാളഗാനത്തോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ജില്ലാകലക്ടര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം റോഷ്നി നാരായണനന്‍ അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ പ്രിയങ്ക ജി, ഡപ്യൂട്ടി കലക്ടര്‍ ടി.ജനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.രാജന്‍ , ഡപ്യൂട്ടി കലക്ടര്‍ റംല എന്‍. സി.ബിജു, ഹിമ.കെ, ലില്ലി സി, ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ്ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കല.കെ എന്നിവര്‍ സംസാരിച്ചു.  ഒരാഴ്ച നീളുന്ന ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മത്സരപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 5 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഉപന്യാസമത്സരവും നവംബര്‍ 7 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ പ്രശ്‌നോത്തരിയും നടത്തും. മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തിലാണ് പ്രശ്‌നോത്തരി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി സെക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍- 0495-2370518. 
 ഭരണഭാഷാ വാരാചരണത്തിന്റെ സമാപനസമ്മേളനം ഏഴിന് വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!