
കെഎസ്ആർടിസിയിൽ പുതിയ പരീക്ഷണവുമായി ഗതാഗത മന്ത്രി.ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കാൻ ആണ് ലക്‌ഷ്യം.ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണയെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. മാർച്ചിൽ രണ്ടു കോടിയോളം നഷ്ടം വരുന്ന സ്ഥിതിയുണ്ടായി. കളക്ഷൻ കുറഞ്ഞത് ഉറക്കം പോലും നഷ്ടപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഒന്നാം തീയതി ശമ്പളം ലഭിച്ചസ്ഥിതിക്ക് ജീവനക്കാർ ഇനി കൃത്യമായി ഡ്യൂട്ടി ചെയ്യണം എന്ന് മന്ത്രി ആവശ്യപ്പെട്ടു.കസേരയിൽ ഇരുന്ന് സുഖിക്കാൻ പറ്റിയ സമയമല്ലെന്നും കൂറില്ലാത്ത ജീവനക്കാർ സ്ഥാപനത്തിന് ശാപമാണെന്നും മന്ത്രി പറഞ്ഞു. ഭൂരിപക്ഷവും ആത്മാർത്ഥതയുള്ളവരാണ്. യൂണിയനുകൾക്ക് ജീവനക്കാരെ സന്തോഷിപ്പിച്ച് വോട്ട് പിടിക്കാൻ ഒരു കാറ്റഗറിയിൽ രണ്ടുതരം ജീവനക്കാർ എന്നത് വെച്ച് പൊറുപ്പിക്കില്ല. അതിൽ ആരു പിണങ്ങിയാലും പ്രശ്നമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പന്തിയിൽ രണ്ട്തരം സദ്യ വിളമ്പാൻ അനുവദിക്കില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.