മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗീസൗഹൃദപരവും ഉന്നതസാങ്കേതിക വിദ്യയുള്ളതുമായ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായി. ഗവ.ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോവിഡ് ബാധിതരായി എത്തുന്നവര്‍ക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാവുന്ന രീതിയിലുള്ള കോവിഡ് സ്‌പെഷ്യല്‍ ഹോസ്പിറ്റലായാണ് ഈ ഐസിയു പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി രൂപ ഉപയോഗിച്ചാണ് 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.എ. പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങിൻ്റെ മുഖ്യ സാന്നിധ്യമായി.
46 ലക്ഷം രൂപയുടെ സിവില്‍ പ്രവര്‍ത്തികളാണ് ബീച്ച് ആശുപത്രിയിൽ നടത്തിയിട്ടുള്ളത്. ഇതിനു പുറമെ 13 ലക്ഷം രൂപയുടെ സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കോട്ട്, മള്‍ട്ടി പാര മോണിറ്റര്‍, മൊബൈല്‍ എക്സ്‌റെ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബി ജി മെഷീന്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റര്‍, ഇ സി ജി മെഷീന്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോടു കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ സൗകര്യങ്ങളും ആവശ്യമായ ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തി എറ്റെടുത്ത് നടപ്പാക്കിയത്. വിശാലമായ കാത്തിരിപ്പു കേന്ദ്രത്തോടൊപ്പം നഴ്സിംഗ് സ്റ്റേഷന്‍, വര്‍ക്ക് സ്റ്റേഷന്‍, നവീകരിച്ച ശുചിമുറിയും തയ്യാറാക്കിയിട്ടുണ്ട്.
എം കെ രാഘവന്‍ എം പി, ജില്ലാ കളക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.