പെരുമഴത്ത് പുത്തൻ കുടയും ,ചുളുക്ക് വീഴാത്ത യൂണിഫോമും പുതുമയുടെ മണം മാറാത്ത പുസ്തകവും ബാഗിൽ നിറച്ചുള്ള യാത്ര… വിദ്യാലയത്തിന്റെ വരാന്തകളിൽ മാതാപിതാക്കളുടെ കൈപിടിച്ച് ആദ്യാക്ഷരം നുകരാനെത്തിയ പിഞ്ചു കുഞ്ഞുങ്ങൾ, ചിലർ അത്ഭുതത്തോടെ പുതിയ സുഹൃത്തക്കൾക്കൊപ്പം കളിച്ചു രസിക്കും. മറ്റു ചിലർ ഭീതിയിൽ പൊട്ടി കരയും. നേരത്തെ പഠിക്കുന്നവരാവട്ടെ സുഹൃത്തക്കളോട് കഴിഞ്ഞ വേനൽ അവധികളിലെ രസകരമായ അനുഭവങ്ങൾ പകർന്ന് നിർവൃതിപെടുന്നവർ. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സംസ്ഥാനത്തെ ജൂൺ ആദ്യ വാരത്തെ കാഴ്ചകൾ. പക്ഷെ…
കോവിഡ് സമൂഹത്തിൽ സ്തംഭനാവസ്ഥ സൃഷ്ടിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി വിദ്യാലയങ്ങളുടെ വാതിൽ അടഞ്ഞു കിടക്കുകയാണ്. സ്കൂൾ ഇടനാഴികളിലെ കലമ്പലുകളും കളി ചിരികളൂം,ബ്ലാക്ക് ബോർഡുകളുമില്ലാത്ത ക്ലാസ് മുറികളുമാണ് ഇത്തവണത്തെ കാഴ്ചകൾ. ഓൺലൈൻ പഠനത്തിനുള്ള സാധ്യത മാത്രമാണ് നിലവിലുള്ളത്, വീടുകളിൽ ഇരുന്നു വിക്ടേഴ്‌സ് ചാനലിലൂടെയും ഇന്റർനെറ്റ് വഴിയുമുള്ള പഠനത്തിന് എല്ലാ തരം ക്ലാസ്സുകാർക്കുമുള്ള ടൈം ടേബിൾ ഇതിനോടകം പുറത്തു വിട്ടു. എന്നാൽ ലക്ഷക്കണക്കിന് വീടുകളിൽ ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ ഇല്ലായെന്ന കാര്യം വിദ്യഭ്യാസ വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. അവർക്കു വേണ്ട പുതിയ പദ്ധതി ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
നിലവിൽ വിദ്യാലയത്തിൽ വന്ന് പുസ്തകം വാങ്ങിക്കാൻ കഴിയാത്ത കുട്ടികളിടെ വീടുകളിൽ പുസ്തകം എത്തിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അങ്ങനെ അസാധാരണ സംഭവം സൃഷ്ടിക്കുന്ന കാലത്ത് അസാധാരണ രീതിയിലൂടെ വിദ്യാഭ്യാസ മേഖലയും വിദ്യാർത്ഥികളും സഞ്ചരിക്കുകയാണ്. നേരത്തെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ വിജയകരമായി നടത്താൻ സാധിച്ച സാഹചര്യത്തിൽ കൂടുതലായി പദ്ധതികൾ നമുക്ക് പ്രതീക്ഷിക്കാം. ഈ ദിവസവും കടന്നു പോകും നമ്മൾ കോവിഡിനെയും കടന്നു പോകും. വീണ്ടും വിദ്യാലയങ്ങൾ സജീവമാകും. നമുക്ക് പ്രത്യാശിക്കാം.