തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയമായി മറുപടിയില്ലെങ്കില്‍ വ്യക്തിപരമായി ആരോപണം ഉന്നയിക്കും.
ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാന്‍ പത്ര കട്ടിംഗ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷം. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തില്‍ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവര്‍ത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആര്‍എസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു.
എല്‍ഡിഎഫ് മന്ത്രിമാര്‍ പ്രതിപക്ഷ നേതാവിന്‍റെ വാലാട്ടികളല്ല. പ്രതിപക്ഷ നേതാവിന്‍റെ താളത്തിനൊത്ത് തുള്ളുന്നവരല്ല. പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണി എടുക്കാം എന്ന നിലവാരത്തിലേക്ക് മന്ത്രിമാര്‍ താഴ്ന്നിട്ടില്ല. എല്ലാം താനാണ് എന്ന ഭാവമാണ് പ്രതിപക്ഷനേതാവിന്. 25 വര്‍ഷം എംഎല്‍എ ആകുന്നതല്ല ഏറ്റവും വലിയ അംഗീകാരമെന്നും റിയാസ് തുറന്നടിച്ചു.
സതീശന്‍റെ താന്‍ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാര്‍ട്ടിയില്‍ ചിലവാകാത്ത കാര്യം തങ്ങളുടെ അടുക്കല്‍ നടക്കില്ല. 2021ല്‍ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം ചോദിച്ചപ്പോള്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നാലുപേര്‍ മാത്രമാണ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ചത്. മറ്റുള്ളവര്‍ രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. അദ്ദേഹം ഭാഗ്യവാനാണെന്നും റിയാസ് പരിഹസിച്ചു.