ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗരേഖ ജനുവരി 15 നകം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനുവരി 15നകം മാര്‍ഗരേഖ കൊണ്ടുവരും. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗരേഖ ആരുടെയും സ്വകാര്യത തടസെപ്പടുന്നതാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തസുപ്രീംകോടതിയെ അറിയിച്ചു.
ദേശീയസുരക്ഷയും ദേശതാല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത, മതവിദ്വേഷം തുടങ്ങിയവ പ്രചരിപ്പിക്കുന്നതും മറ്റുതരത്തില്‍ ദുരുപയോഗം ചെയ്യുന്നതും തടയാനായി മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും കോടതി അറിയിച്ചു. സമൂഹ മാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധപ്പെടുത്തന്നതടക്കം വിവിധ ഹൈകോടതികളില്‍ പരിഗണനയിലിരിക്കുന്ന ഹരജികളെല്ലാം സുപ്രീം കോടിതിയിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് ഫേസ്ബുക്ക്, വാട്സ്‌ആപ്പ് തുടങ്ങിയ കമ്ബനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.