കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വേദിയാവും. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാശാലികളെ കണ്ടെത്തുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് ജില്ലാതല കലാ-കായിക മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടക്കുക. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, കലക്ടര്‍ തുടങ്ങിയവരാണ് മുഖ്യരക്ഷാധികള്‍. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബാബു.വി ജനറല്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചത്. ബ്ലോക്ക്, മുനിസിപ്പല്‍ തല മത്സരങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നവംബര്‍ 15 നകം പൂര്‍ത്തീകരിച്ച് 25 നകം ഓണ്‍ലൈനായി ജില്ലാതല മത്സരങ്ങള്‍ക്കുള്ള എന്‍ട്രി സമര്‍പ്പിക്കണം. ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ച് മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രാദേശിക സംഘാടക സമിതി രൂപീകരണം നടത്തും. യുവജനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, കലാവേദികള്‍ തുടങ്ങിയവയുടെ പൂര്‍ണ്ണ പങ്കാളിത്തം കേരളോത്സവത്തിന് ഉണ്ടാവണമെന്ന് പ്രസിഡന്റ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.കെ സജിത, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കല്‍, ശാലിനി ബാലകൃഷ്ണന്‍, പി.ഭാനുമതി, സി.ഉഷ, യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ സുമേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബാബു.വി, തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ പ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.