‘അധികാരപരിധിയിലല്ല’ എന്ന പേരിൽ വരാഹ രൂപം ഗാനത്തിന്റെ പകർപ്പവകാശ ലംഘനത്തിന് മേലുള്ള ‘തൈക്കുടം ബ്രിഡ്ജ്’ ബാൻഡിന്റെ ഹർജി മടക്കിയയച്ച കോഴിക്കോട് ജില്ലാ കോടതി ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുള്ള കോടതിയിൽ ഹാജരാക്കണമെന്ന് കാണിച്ചാണ് ജില്ലാ കോടതി ഹർജി മടക്കി അയച്ചത്.
എന്നാൽ ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനം ഉപയോഗിക്കുന്നതിനെതിരെ കേരളത്തിലെ തന്നെ മറ്റൊരു കോടതിയായ പാലക്കാട് ജില്ലാ കോടതി നവംബർ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കോപ്പിയടി വിവാദ വിഷയമായ ‘നവരസം’ ഗാനത്തിന്റെ പകർപ്പവകാശ ഉടമയാണെന്ന് അവകാശപ്പെടുന്ന മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ് ഫയൽ ചെയ്ത കേസിലാണ് രണ്ടാമത്തെ ഉത്തരവ്.
സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരമുള്ള അപ്പീൽ പരിഹാരങ്ങൾ തീർപ്പാക്കണമെന്ന് കാണിച്ച് ജില്ലാ കോടതികൾ പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെ ഹോംബാലെ ഫിലിംസ് സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ അടുത്തിടെ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
നവംബർ 24ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തത് ‘വരാഹരൂപം’ ഗാനം ഒഴിവാക്കിയ ശേഷമാണ്. എന്നാൽ ഹർജി മടക്കി അയച്ചതിൽ പിന്നെ ഗാനം പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ സെപ്തംബർ 30 നാണ് തിയറ്ററുകളിലെത്തിയത്. കർണാടകയിൽ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകൾ കാണാനും പ്രേക്ഷകർ നിരവധിയാണ്. റിഷബ്, കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിലെത്തിച്ചത്.

