മെറ്റീരിയൽ ആൻഡ് ഡിവൈസ് നിർമാണവും അവയുടെ പഠനവുമായി ബന്ധപ്പെട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും രാജസ്ഥാൻ ബനസ്ഥലി വിദ്യാപീഥും ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് നവംബർ 14 നു എൻ. ഐ. ടി. കാലിക്കറ്റിൽ ആരംഭിച്ചു. ഭാരത സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളോജിയുടെ കീഴിൽ ആരംഭിച്ച “സിനെർജിസ്റ്റിക് ട്രെയിനിങ് പ്രോഗ്രാം യൂട്ടിലൈസിങ് ദി സയന്റിഫിക് ആൻഡ് ടെക്നോളജിക് ഇൻഫ്രാസ്ട്രക്ച്ചർ (എസ്.ടി.യു.ടി.ഐ.)” സംരംഭത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 14 നു രാവിലെ എൻ. ഐ. ടി. യിൽ വെച്ച നടന്ന ഉദ്‌ഘാടന പരിപാടിയിൽ പ്രോഗ്രാം കൺവീനറും, ഫിസിക്സ് ഡിപ്പാർട്മെന്റിലെ അധ്യാപകനുമായ ഡോ. മനീഷ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഫിസിക്സ് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ്. എം.കെ. രവിവർമയുടെ അധ്യക്ഷതയിൽ എൻ. ഐ. ടി. സി. ഡയറക്ടർ പ്രൊഫ്. പ്രസാദ് കൃഷണ പരിപാടി ഉൽഘാടനം ചെയ്തു. ഉദ്‌ഘാടന വേളയിൽ എസ്. ടി.യു.ടി.ഐ. സംരംഭത്തിന്റെ ഭാഗമായി എൻ.ഐ.ടി. കാലിക്കറ്റിനെ തിരഞ്ഞെടുത്തതിന്റെ അഭിമാനവും സന്തോഷവും പങ്കുവെച്ച അദ്ദേഹം ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയവരോട് ഈ അവസരത്തെ ഉപയോഗപ്രദമാക്കുവാൻ നിർദ്ദേശിച്ചു. തുടർന്ന് പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റ് കോർഡിനേറ്റർ ഡോ. പർവേസ് എ ആൽവി എസ്.ടി.യു.ടി.ഐ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കോ-കൺവീനർ ഡോ. വിനോദ് ഇ. മാധവന്റെ നന്ദിയോട് കൂടെ ഉദ്‌ഘാടന പരിപാടി അവസാനിച്ചു.
മെറ്റീരിയൽ സയൻസ് ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ തരം നിർമാണ/ പഠന ഉപകരണങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും അവയുടെ പ്രവർത്തനത്തെ നേരിട്ട് പരിചയപെടുത്തലുമാണ് ഈ പരിശീലന പരിപാടിയുടെ ഭാഗമായി ഉദ്ദേശിക്കുന്നത്. എൻ.ഐ.ടി.സി. കെമിസ്ട്രി വിഭാഗം അധ്യാപകനായ പ്രൊഫ്. ജി. ഉണ്ണികൃഷ്ണന്റെ ക്ലാസ്സോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഡോ . പർവേസ് എ ആൽവി, ഡോ. സി.എൻ. ശ്യാം കുമാർ എന്നിവരും ക്ലാസുകൾ എടുത്തു. ഇന്ത്യയിലെ പല ഇൻസ്റിറ്റ്യൂകളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന പരിപാടിയിൽ വരും ദിവസങ്ങളിൽ എൻ. ഐ. ടി.സി. യിലെ മറ്റ് അധ്യാപകരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും. നവംബർ 20 ന് ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി പരിശീലന പരിപാടി അവസാനിക്കും.

