കണ്ണൂർ: ജവാഹർ സ്റ്റേഡിയത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാത്തതിനാൽ പിഴ ഈടാക്കി കോർപ്പറേഷൻ. കരുതൽ ധനമായി നൽകിയ 25,000 രൂപ കോർപ്പറേഷൻ കണ്ടുകെട്ടിയത്. സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹർ സ്റ്റേഡിയം വിട്ടുനൽകിയത്.
പരിപാടിക്കുശേഷം കോർപ്പറേഷന്റെ 23 തൊഴിലാളികൾ രണ്ടുദിവസം വാഹനമുൾപ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം ശുചീകരിച്ചത്. ഇതിനായി കോർപ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാൻ കോർപ്പറേഷൻ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.
എന്നാൽ കരുതൽധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാൻ വെള്ളിയാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. 17,700 രൂപ അടയ്ക്കണമെന്നും കാണിച്ച് പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ഭാരവാഹികൾക്ക് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ സമർപ്പിച്ച കത്ത് പരിഗണിച്ചാണ് കൗൺസിൽ തീരുമാനം.
പൊതുമുതൽ പരിപാടികൾക്കായി വിട്ടുനൽകിയാൽ ഉത്തരവാദിത്വമില്ലാത്ത സമീപനം അംഗീകരിക്കാനാകില്ല. ഭാവിയിൽ ഉപാധികൾ കർശനമാക്കാനും കരുതൽധനം വർധിപ്പിക്കാനും ആലോചിക്കുന്നതായി മേയർ ടിഒ മോഹനൻ പറഞ്ഞു.