കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് കൈമാറിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പൊലീസ്ഉദ്യോഗസ്ഥർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.
സംശയിക്കപ്പെടുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. സംസ്ഥാന പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുള്ളത്.
കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ അനസ് പി കെ എന്ന സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റി.
ഇപ്പോൾ ഒളിവിലുളള പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.