പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു.
പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്‌സീന്‍ വാങ്ങുന്നത്. 50,000 വയല്‍ വാക്‌സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ല. പരാതി വന്നപ്പോള്‍ പരിശോധനയ്ക്കയച്ച് പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയാണ് ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം, പി.പി.ഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി നിയമസഭയില്‍ നല്‍കിയ വീണ ജോര്‍ജിനെ സ്പീക്കര്‍ താക്കീത് ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച് യു.ഡി എഫ് എം എല്‍ എ മാരുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമായ മറുപടി തരാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഇത് മേലാല്‍ ആവര്‍ത്തിക്കരുതെന്നും അംഗങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും സ്പീക്കര്‍ ഉത്തരവിട്ടു.

